നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കള്‍ക്കെതിരെ കോടതി വിധി

July 28, 2021
161
Views

ഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കള്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരി രക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി.

പ്രത്യേക അവകാശം പൊതു നിയമങ്ങളില്‍ നിന്നും ഒഴിവാകാനുള്ള കവാടമല്ല. സഭയിലെ അക്രമം സഭാനടപടിയുടെ ഭാഗമായി കാണാനാകില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. ഭരണഘടനയുടെ 194-ാം അനുച്ഛേദത്തിന്റെ തെറ്റായ വായനയാണ്. പരിരക്ഷ തേടുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടറെയും സുപ്രീംകോടതി വിമര്‍ശിച്ചു.പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവര്‍ത്തിക്കേണ്ടത് സ്വതന്ത്രമായാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

കയ്യാങ്കളിക്കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് വിചാരണ വേളയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *