കൊച്ചി: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഐക്കരനാട്, കുന്നത്തുനാട്, മഴവന്നൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ഡീനാ ദീപക്, എംവി നിതമോള്‍, ബിന്‍സി ബൈജു എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിനും മെമ്ബര്‍മാര്‍ക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ യോഗങ്ങള്‍ക്കും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്ബൂര്ണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു.
സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗ്രൂപ്പാണ് ട്വന്റി 20യെ നിയന്ത്രിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള ഉപദ്രവത്തെ തുടര്‍ന്ന് കിറ്റെക്സ് കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോടികളുടെ പദ്ധതിയില്‍ നിന്നും പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്വന്റി-20യും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കിഴക്കമ്ബലത്തെ വികസന നെറുകയിലെത്തിക്കുക എന്ന വാഗ്ദാനവുമായാണ് ട്വന്റി 20 തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്.