ഡാനിഷ് സിദ്ദിഖി സംഘര്‍ഷത്തില്‍ മരിച്ചതല്ല, തിരിഞ്ഞുപിടിച്ച് താലിബാന്‍ കൊലപ്പെടുത്തി- റിപ്പോര്‍ട്ട്

July 30, 2021
138
Views

വാഷിങ്ടണ്‍: പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുo പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച്‌ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ . താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും യുഎസ് മാഗസിനായ വാഷിങ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു .

റോയിട്ടേഴ്‌സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് പ്രവര്‍ത്തിച്ചിരുന്നത് . കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള വെടിവെയ്പ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ഡാനിഷ് കൊല്ലപ്പെട്ടത്.

വാഷിങ്ടണ്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് _

അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോകുന്നത്. അഫ്ഗാനിസ്ഥാന്‍-പാക് അതിര്‍ത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാന്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു യാത്ര. കസ്റ്റംസ് പോസ്റ്റ് കടന്ന് കുറച്ചു മുന്നോട്ടു പോയപ്പോള്‍ താലിബാന്റെ ആക്രമണം ഉണ്ടായി. ഇതോടെ ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സൈന്യത്തിന്റെ സംഘം കൂട്ടം തെറ്റി.

കമാന്‍ഡറും കുറച്ചു സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാന്‍ സൈനികര്‍ മറ്റൊരിടത്ത് .ഈ ആക്രമണത്തിനിടെ ഡാനിഷിന് ഒരു തവണ വെടിയുണ്ടയേറ്റു .തുടര്‍ന്ന് ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു മോസ്‌ക്കിലെത്തി. അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ ലഭിച്ചു. ഡാനിഷ് മോസ്‌കിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ, താലിബാന്‍ അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാന്‍ മോസ്‌ക്ക് ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .

അതെ സമയം താലിബാന്‍ പിടികൂടുമ്ബോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും വധിക്കുകയുമായിരുന്നു .തീവ്ര വാദികള്‍ ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാന്‍ സൈനിക കമാന്‍ഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു .

ഡാനിഷിന്റെ മുഖം തിരിച്ചറിയുന്ന വിധത്തിലുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു ഫോട്ടോകളും ഡാനിഷിന്റെ മൃതദേഹത്തിന്റെ വീഡിയോയും പരിശോധിച്ചപ്പോള്‍ താലിബാന്‍ അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും അടിച്ചിരുന്നതായും ശേഷം നിരവധി തവണ വെടിയുതിര്‍ത്തതായും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് യുഎസ് എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ മൈക്കിള്‍ റൂബിന്‍ വെളിപ്പെടുത്തി .

യുദ്ധനിയമങ്ങളെ അനുസരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച്‌ കൊലപ്പെടുത്താനുള്ള താലിബാന്റെ തീരുമാനം വിളിച്ചോതുന്നതെന്ന് വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *