തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളം. ഓണത്തിന് ശമ്ബള അഡ്വാന്‍സ് പോലും നല്‍കേണ്ടതിലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനിടെ ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ ഓള്‍ കേരള കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയില്‍ ധൂര്‍ത്താക്ഷേപം നിലനില്‍ക്കെയാണ് കോവിഡ‍് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കലാകാരന്മാരെ എത്തിച്ചുള്ള സാംസ്കാരികോത്സവത്തിന് 50 ലക്ഷം രൂപയുടേതാണ് ഭരണാനുമതി. നോര്‍ക്ക റൂട്ട്സ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കിയത്. ആഗോള സാംസ്കാരികോത്സവത്തിന്റെ നടത്തിപ്പിന് 25 ലക്ഷവും പരസ്യത്തിനും മറ്റ് പ്രചാരണങ്ങള്‍ക്കും 25 ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്.
കോവിഡ് നിയന്ത്രണം മൂലം കൂട്ടായ്മകള്‍ക്ക് വിലക്ക് നിലവിലുള്ളപ്പോഴാണ് ഭരണാനുമതി. എന്നാല്‍ ഇത് പതിവ് നടപടിക്രമമാണെന്നാണ് നോര്‍ക്ക റൂട്ട്സ് പറയുന്നത്. ഭരണാനുമതി ലഭിച്ചാലും സര്‍ക്കാര്‍ നടപടിക്രമമനുസരിച്ച് ധനവകുപ്പിന്റെ അനുമതി കൂടിയുണ്ടെങ്കിലേ നടപടിക്രമങ്ങളിലേക്ക് കടക്കാനാവൂ എന്നാണ് നോര്‍ക്ക റൂട്ട്സ് വിശദീകരിക്കുന്നത്.