ടോക്യോ: ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍.രവുകുമാര്‍ ദഹിയയുടെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ഗോദയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേട്ടം. ഗുസ്തിയിലെ 65 കിലോ ഫ്രീസ്റ്റൈലില്‍ ബജ്റംഗ് പുനിയയാണ് വെങ്കല മെഡല്‍ നേടിയത്.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെ 8 – 0നാണ് പുനിയ കീഴടക്കിയത്. ഒളിമ്ബിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്ബിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍. ലണ്ടന്‍ ഒളിംപിക്സിന് സമാനമായി ഇന്ത്യക്ക് ഗുസ്തിയില്‍ രണ്ട് മെഡല്‍ ഉറപ്പിക്കുവാന്‍ ടോക്യോയിലും കഴിഞ്ഞു. 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവുകുമാര്‍ ദഹിയ കഴിഞ്ഞ ദിവസം വെള്ളി നേടിയിരുന്നു.
ഇന്ത്യയുടെ ആറാം മെഡല്‍ നേട്ടമാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേരത്തെ കൈവരിച്ചിരുന്നു. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്‌സിംഗില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.
മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്റംഗ് സെമിയില്‍ തോറ്റത്. പിന്നാലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ രാജ്യത്തിന്റെ അഭിമാന നേട്ടം കൈവരിക്കാന്‍ പുനിയയ്ക്ക് സാധിച്ചു.
നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് ബജ്റംഗ് പൂനിയ സെമിയിലെത്തിയിരുന്നത്. 86 കിലോ വിഭാഗത്തില്‍ ദീപക് പൂനിയക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരുന്നത്. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. അതേസമയം വനിതകളുടെ 50 ഫ്രീസ്‌റ്റൈലില്‍ സീമ ബിസ്ല ടുണീഷ്യന്‍ താരം സാറ ഹംദിയോട് പരാജയപ്പെട്ടിരുന്നു.