ഈശോ മാത്രമല്ല കേശുവും ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്നു: അനുമതി നല്‍കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

August 7, 2021
221
Views

തിരുവനന്തപുരം : നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്. നാദിര്‍ഷയുടെ ഈ ചിത്രങ്ങള്‍ ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം. ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഈ മാസം 18ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കത്തോലിക്ക കോണ്‍ഗ്രസ് ധര്‍ണ്ണ സമരം സംഘടിപ്പിക്കും. സമരത്തില്‍ സമുദായ നേതാക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.

ജയസൂര്യ നായകനായി എത്തുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി തുടരുകയാണ്.കഴിഞ്ഞ ദിവസം സംഭവത്തില്‍ നാദിര്‍ഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജും രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നോട്ട് പോകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പേര് മാറ്റുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുന്ന നാദിര്‍ഷയ്ക്ക് പിന്തുണ അറിയിച്ച്‌ ഫെഫ്ക രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ വിവേകമുള്ള കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *