തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ വിചിത്രമായ മറുപടി.
‘ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും, രോഗികളുടെ ബന്ധുക്കളില്‍ നിന്നും ഉണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും’ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള വിചിത്ര മറുപടി എന്നതും ശ്രദ്ധേയമാണ്.