കൊച്ചി : കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിയനെ തുടര്‍ന്ന് ഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്. എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകള്‍ക്കെതിരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തത്. ഷാപ്പ് ലൈസന്‍സികളെ അടക്കം പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തൊടുപുഴയിലെ 25 ഷാപ്പുകളിലും കോതമംഗത്തെ 21 ഷാപ്പുകളിലുമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഇവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ഓക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പരിശോധനക്കായി കള്ളിന്റെ സാമ്ബിള്‍ ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടില്‍ കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിതായും എക്‌സൈസ് പറഞ്ഞു. കള്ളിന്റെ വീര്യം കൂട്ടുന്നതിനായി കഞ്ചാവിന്റെ ഇല അരച്ചു ചേര്‍ത്തിട്ടുണ്ടാകും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം എക്‌സൈസ് നടപടിയ്‌ക്ക് പിന്നില് ഗൂഢാലോചനയുണ്ടെന്ന് ഷാപ്പുടമകളും തൊഴിലാളികളും ആരോപിച്ചു. പാലക്കാട് നിന്നും എത്തിക്കുന്ന കള്ളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇതില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയത് സംശമുണര്‍ത്തുന്നുണ്ട്. വിദേശമദ്യ വ്യവസായത്തെ സഹായിക്കാന്‍ വേണ്ടിയാണ് എക്‌സൈസ് നടപടി എന്നും ഷാപ്പുടമകള്‍ ആരോപിച്ചു. എക്സൈസിന്റെ സാമ്ബിള്‍ ശേഖരണത്തില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ചെത്തു തൊഴിലാളി യൂണിയന്‍ നേതാവ് ജ്യോതികുമാര്‍ പ്രതികരിച്ചു.