ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇനി പിഴ അടക്കേണ്ടത് കോടതിയുടെ തീർപ്പനുനുസരിച്ചാകും.
അതേസമയം, വ്ലോഗർ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ കൂട്ടിച്ചേർത്തേക്കും. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകും
കഴിഞ്ഞ ദിവസമാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു. തുടർന്ന് ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു.
ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.