മാനന്തവാടി: തന്നെ മഠത്തില്‍നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതു വരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് അവിടെ തുടരാമെന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.
സിസ്റ്റര്‍ ലൂസി കളപ്പുരയോട് മഠത്തില്‍നിന്നു പോകാന്‍ സന്യാസിനി സഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്രയും കാലം സേവനം നടത്തിയ കാരക്കാമല എഫ്സിസി മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മറ്റൊരിടത്തേക്ക് ഇറങ്ങി പോകാനാകില്ലെന്നും കാണിച്ചാണ് സിസ്റ്റര്‍ ലൂസി ഹര്‍ജി നല്‍കിയത്.
സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍നിന്നു പുറത്താക്കാന്‍ സഭ തീരുമാനിച്ചത്. ഇതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ മൂന്ന് അപ്പീലുകളും വെത്തിക്കാന്‍ തള്ളിയതായി സഭ ചൂണ്ടിക്കാട്ടിയിരുന്നു.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് കോണ്‍വെന്റില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് ജൂലൈ 22നു ഹെക്കോടതി ഉത്തരവിട്ടിരുന്നു. സിസ്റ്റര്‍ ലൂസി കോണ്‍വെന്റില്‍നിന്ന് മാറണമോയെന്ന് തീരുമാനിക്കേണ്ടത് മുന്‍സിഫ് കോടതിയാണന്നും ജസ്റ്റിസ് രാജാവിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.
മഠത്തില്‍ ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന സിസ്റ്റര്‍ ലൂസിയുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കാരക്കാമല കോണ്‍വെന്റിലെ താമസത്തിനു പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്നു പറഞ്ഞ കോടതി മറ്റെവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ സംരക്ഷണം നല്‍കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി.
ഹര്‍ജിയില്‍ വാദത്തിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍വെന്റില്‍നിന്നു മാറാനായിരുന്നു സിസ്റ്റര്‍ ലൂസിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍
തെരുവില്‍ വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സിവില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാവുന്നതു വരെ സംരക്ഷണം നല്‍കണം. തന്നെപ്പോലെയുള്ള പലരും തെരുവില്‍ വലിച്ചെറിയപ്പെടാന്‍ സാധ്യതയുണ്ടെന്നും സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാട്ടി.
രണ്ടര വര്‍ഷമായി സന്യാസ സഭയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നു. സിവില്‍ കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവുണ്ട്. തനിക്ക് സന്യാസം പൂര്‍ത്തിയാക്കണമെന്നും കോണ്‍വെന്റ് അല്ലാതെ മറ്റു താമസ മാര്‍ഗങ്ങള്‍ ഇല്ലെന്നും സിസ്റ്റര്‍ ലൂസി വിശദീകരിച്ചിരുന്നു.