വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവള ദുരന്തം അന്വേഷിക്കുമെന്ന് അമേരികന്‍ വ്യോമസേന പ്രഖ്യാപിച്ചു. ടേക് ഓഫ് ചെയ്ത യു എസ് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍നിന്നു വീണും യന്ത്രഭാഗങ്ങളില്‍ കുടുങ്ങിയും നിരവധി പേര് മരിച്ചതായി സ്ഥിരീകരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് യു എസ് അന്വേഷണം പ്രഖ്യാപിച്ചത്. ഖത്വറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍നിന്നു ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.
യു എസ് വ്യോമസേന സി-17 ഗ്ലോബ് മാസ്റ്റെര് വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്തെന്നുമാണു വിശദീകരണം. വിഷയത്തില്‍ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ വിമാനങ്ങള്‍ പറത്തിയതില്‍ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക.
താലിബാന് അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനമാണ് കാണാനാവുന്നത്. ഇതിനിടെയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര
വിമാനത്താവളത്തില്‍നിന്നു യു എസ് വിമാനത്തിലേക്ക് തൂങ്ങിക്കയറിയ 7 പേര് വീണു മരിച്ചത്. മനുഷ്യര്‍ വിമാനത്തില്‍നിന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം എത്ര പേരാണു മരിച്ചതെന്ന് യു എസ് വ്യക്തമാക്കിയിട്ടില്ല.