ഹിന്ദു മതവിശ്വാസികൾക്ക് മാത്രമാണ് ഓണം എന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്ന് നടി ആനി. ഇപ്പോഴാണ് ആ തെറ്റിദ്ധാരണ മാറി എല്ലാ മതസ്ഥർക്കുമുള്ള ആഘോഷമാണെന്ന് മനസിലായതെന്ന് ആനി. ആനിയുടെ വാക്കുകൾ- ഇപ്പോഴാണ് മനസിലായത് എല്ലാ മതക്കാർക്കും ഉള്ളതാണെന്ന്. കേരളത്തിന്റെ സ്വന്തം ഉത്സവമാണ് ഓണം. ആ തെറ്റിദ്ധാരണ മാറ്റിവച്ച് എല്ലാവരും ആഘോഷിക്കണം. കൊവിഡ് മഹാമാരി മാറി മലയാളികളൊക്കെ ഒത്തുകൂടിയാൽ എന്ത് സന്തോഷമായിരിക്കും. അതല്ലേ ആവശ്യം ? അതുകൊണ്ടാണല്ലോ ഐശ്വര്യത്തിന്റേയും സമൃദ്ധിയുതടേയും സന്തോഷത്തിന്റേയും നാളുകളെന്ന് പറയുന്നത്.
ഓണമായതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ല. എല്ലാം വീട്ടിലൊതുങ്ങുന്ന ആഘോഷങ്ങൾ മാത്രമാണെന്നും ആനി പറഞ്ഞു. പാചകകലയിൽ പേരുകേട്ട വ്യക്തിയാണ് ആനി. അതുകൊണ്ട് തന്നെ ഓണം സ്പെഷ്യൽ വിഭവത്തെ കുറിച്ച് ചോദിച്ചുവെങ്കിലും ഓണമായിട്ട് മറ്റ് പ്രത്യേക വിഭവങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് ആനി പറഞ്ഞു. പായസത്തിലും പരീക്ഷണങ്ങളൊന്നും നടത്തിയില്ല.
ഇത്തവണ മലബാർ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. പച്ചക്കറികൾക്ക് പുറമെ ചിക്കനും മീനും വിഭവമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസവും സദ്യ കഴിക്കുന്നതുകൊണ്ട് നാലാം ദിവസം മിക്കവാറും ബിരിയാണിയായിരിക്കും. ഷാജി കൈലാസ് കൊണ്ടുവന്ന സമ്പ്രദായമാണ് അതെന്ന് ആനി പറഞ്ഞു.