മലബാര്‍ സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനായിരുന്നു. താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കുമെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
“അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇഎംഎസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്ബൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇഎംഎസ് പറഞ്ഞത് മുസ്ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇഎംഎസിന്റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം”- അബ്ദുല്ലക്കുട്ടി പറഞ്ഞു
സ്വതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് ഉള്‍പ്പെടെ 387 രക്തസാക്ഷികളുടെ പേര് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തയ്യാറാക്കിയ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് 387 പേരെ നീക്കിയത്. ദ ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1921ലെ മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദ പോരാട്ടമായിരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. നിഘണ്ടുവിന്റെ അഞ്ചാംവാല്യം പുനപ്പരിശോധിച്ച ഐസിഎച്ച്ആര്‍ പാനലാണ് നിര്‍ദേശം നല്‍കിയതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് ഒരു യോഗത്തില്‍ ആര്.എസ്.എസ് നേതാവ് രാം മാധവ് ഇന്ത്യയിലെ താലിബാന് മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് മലബാര്‍ സമരമെന്ന് ആരോപിക്കുകയുണ്ടായി. അതേസമയം ബ്രിട്ടീഷുകാരോട് മാപ്പ് പറയാന്‍ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തെരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് കേരള നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പ്രതികരിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിനൊപ്പം ആണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമെന്നായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.