കോട്ടയം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും രണ്ടു പേരെ നോമിനേറ്റ് ചെയ്ത സംഭവത്തിൽ വിവാദം കനക്കുന്നു. കോട്ടയം സ്വദേശികളായ സുമിത് ജോർജ്ജും, നിതിന്‍ ജോസഫും ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എത്തിയത് കേരളത്തിലെ ചില നേതാക്കൾക്ക് പണം നൽകിയാണെന്ന ആരോപണമാണ് ഉയരുന്നത്. കുറച്ചുനാൾ മുമ്പുവരെ ഇടത് മുന്നണി പ്രവർത്തകരായിരുന്നു ഇരുവരും എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം പ്രവർത്തകർ.
2021 ൽ മാത്രം ബിജെപിയുടെ പ്രാഥമിക അംഗത്വമെടുത്ത സുമിത് ജോർജ്ജും, ഇതുവരെ ബിജെപി അംഗം പോലുമല്ലാത്ത നിതിന്‍ ജോസഫും ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പാരച്യൂട്ട് വഴി എടുത്തു ചാടുകയാണുണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബൂത്തു കമ്മിറ്റിയോ, പഞ്ചായത്ത് സമിതിയോ, നിയോജകമണ്ഡലം കമ്മിറ്റിയോ, ജില്ല കമ്മിറ്റിയോ അറിയാതെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വ്യക്തമായ സീറ്റ് വില്പന നടന്നതിന്റെ ഉദാഹരണമാണ്. കഴിഞ്ഞ 25 വർഷമായി എൻസിപി- എൽഡിഎഫ് പ്രവർത്തകനായിരുന്ന സുമിത് ജോർജ്ജും, ഇതുവരെയും ഡിവൈഎഫ്ഐ, സിപിഎം, എൽഡിഎഫ് പ്രവർത്തകനായിരുന്ന നിതിന്‍ ജോസഫും ഒരു സുപ്രഭാതത്തില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ കമ്മിറ്റിയിൽ എത്തിയെങ്കിൽ അത് ദേശീയതയോടുളള താൽപര്യമല്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മറിച്ച്, അതിനു പിന്നില്‍ നടന്ന ഇടപാടില്‍ 10 ലക്ഷം രൂപ വീതം കേരളത്തിലെ ചില നേതാക്കൾ കൈപ്പറ്റിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
പരാതി ഇങ്ങിനെ,
ബഹുമാനപ്പെട്ട ശ്രീ. ജെ. പി. നഡ്ഢ ജി, ശ്രീ. ജമാല്‍ സിദ്ദിഖ്വി ജി, ശ്രീ. കെ. സുരേന്ദ്രൻ ജി,
ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും യാതൊരു വിധ പരാതിയുമില്ലാതെ യോഗ്യത അടിസ്ഥാനത്തിൽ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നിയമിച്ചപ്പോൾ, കേരളത്തിൽ ഇത് ഒരു വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ന്യൂനപക്ഷ മോര്‍ച്ചയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെങ്കിൽ തീർച്ചയായും ഇത് കോട്ടയം ജില്ല കമ്മിറ്റി വഴി സംസ്ഥാന കമ്മിറ്റിയിലെത്തി സംസ്ഥാന പ്രസിഡന്റിന്റെ ശുപാര്‍ശയോടെ ഇത് കേന്ദ്ര കമ്മിറ്റിയിലെത്തുമായിരുന്നു. പക്ഷേ ഇവിടെ 2021 ൽ മാത്രം ബിജെപിയുടെ പ്രാഥമിക അംഗത്വമെടുത്ത സുമിത് ജോർജ്ജും, ഇതുവരെ ബിജെപി അംഗം പോലുമല്ലാത്ത നിതിന്‍ ജോസഫും ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പാരച്യൂട്ട് വഴി എടുത്തു ചാടുകയാണുണ്ടായത്.
ബിജെപി എന്തെന്ന് പോലും അറിയാത്തവരെ അവരുടെ ബൂത്തു കമ്മിറ്റിയോ, പഞ്ചായത്ത് സമിതിയോ, നിയോജകമണ്ഡലം കമ്മിറ്റിയോ, ജില്ല കമ്മിറ്റിയോ അറിയാതെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വ്യക്തമായ സീറ്റ് വില്പന നടന്നതിന്റെ ഉദാഹരണമാണ്. കേരള ബിജെപിയിൽ നാളിതുവരെ നടന്നു വന്നിരുന്ന എൽഡിഎഫ്, യുഡിഎഫ് പ്രീണനത്തിൻ്റെ വ്യക്തമായ തെളിവാണ് ഇത്. കേരളത്തിൽ ബിജെപിയെ എൽഡിഎഫിൻ്റെ തൊഴുത്തിൽ കെട്ടി കോടികൾ സമ്പാദിച്ച ചില കേന്ദ്ര – സംസ്ഥാന നേതാക്കളുടെ അജണ്ട നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുളളവരാണ് ഇതിനു പിന്നില്‍. കേരളത്തിൽ ബിജെപിയെ ഇല്ലാതാക്കി തൻ്റെ കസേരയ്ക്ക് ഇളക്കം തട്ടാതിരിക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് ബിജെപിയെ വർഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്നത്. ഇനി ഒരാള്‍ പോലും കേരള ബിജെപിയിലേക്ക് വരരുത് എന്നും, തങ്ങൾ കുറച്ചു പേരുടെ മാത്രം ബോൺസായ് പാര്‍ട്ടിയായി ബിജെപി നിലനിൽക്കണമെന്നും പറഞ്ഞുകൊണ്ട് തങ്ങളുടെ കസേരകളിൽ 10 – 20 വർഷമായി അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കൾ തന്നെയാണ് കേരളത്തിൽ ബിജെപിയെ ഇല്ലാതാക്കുന്നത്.
കഴിഞ്ഞ 25 വർഷമായി എൻസിപി- എൽഡിഎഫ് പ്രവർത്തകനായിരുന്ന സുമിത് ജോർജ്ജും, ഇതുവരെയും ഡിവൈഎഫ്ഐ, സിപിഎം, എൽഡിഎഫ് പ്രവർത്തകനായിരുന്ന നിതിന്‍ ജോസഫും ഒരു സുപ്രഭാതത്തില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ കമ്മിറ്റിയിൽ എത്തിയെങ്കിൽ അത് ദേശീയതയോടുളള താൽപര്യമല്ല മറിച്ച്, അതിനു പിന്നില്‍ നടന്ന ഇടപാടില്‍ 10 ലക്ഷം രൂപ വീതം കേരളത്തിലെ ചില നേതാക്കൾ കൈപ്പറ്റിയെന്നത് സത്യമാകുമെന്നതിന് സംശയമില്ല. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഭാരവാഹികൾക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുക സാധ്യമല്ല. കേരളത്തിലെ ബിജെപി നേതൃത്വം ന്യൂനപക്ഷ മോര്‍ച്ചയിലെ ദുഷ്പ്രവണതകളെ തടയുന്നതിൽ അമ്പേ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. അല്ലെങ്കിൽ ന്യൂനപക്ഷ മോര്‍ച്ചയും, ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വത്തെ അതിഭീകരമായി തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്.
സത്യ ക്രിസ്ത്യാനികളെ ദേശീയതയോട് ചേർത്ത് നിർത്തുക എന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെയും, പ്രധാനമന്ത്രിയുടെയും സദുപദേശത്തെ പണ സമ്പാദനത്തിനുളള മാർഗ്ഗമായി മാത്രം കേരളത്തിലെ ന്യൂനപക്ഷ മോര്‍ച്ച ദുരുപയോഗം ചെയ്തു. 2015 മുതലുള്ള ന്യൂനപക്ഷ മോർച്ചയുടെ എല്ലാ പ്രവർത്തനങ്ങളും, നിയമനങ്ങളും കേന്ദ്ര നേതൃത്വം പരിശോധിച്ചാൽ ഇത് വ്യക്തമാകും. സംസ്ഥാന ഭാരവാഹികളാകുന്നതിന് പോലും പണം വാങ്ങിയെന്ന ആരോപണം പോലും ഉണ്ടായിട്ടുളളതാണ്. പ്രവാസിയെ സംസ്ഥാന ഭാരവാഹിയാക്കിയതും വലിയ തട്ടിപ്പിലൂടെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് 20 പേരില്‍ നിന്നും 10 – 25 ലക്ഷം രൂപ വരെ വാങ്ങി സീറ്റ് വാഗ്ദാനം നൽകുന്നതിന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഭാരവാഹികൾ വഹിച്ച പങ്ക് വ്യക്തമായിട്ടുളളതാണ്.. അന്നു പണം കൊടുത്തവരെ അനുനയിപ്പിക്കാനാണോ ഈ നാടകം ന്യൂനപക്ഷ മോര്‍ച്ചയിൽ അരങ്ങേറിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭാരതീയ ജനതാ പാര്‍ട്ടിയെ നെഞ്ചിലേറ്റി ദേശീയതയോടൊപ്പം 10 – 20 വർഷമായി പ്രവർത്തിക്കുന്നവർക്ക് അർഹതപ്പെട്ട ചുമതലകൾ നൽകാതെ, സീറ്റ്- പോസ്റ്റ്,വില്പനയും, വോട്ടു കച്ചവടവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നേതാക്കൾ ഈ പാർട്ടിയെ നശിപ്പിക്കുന്നതിൽ സാധാരണ പ്രവർത്തകർക്കുളള ആശങ്ക മറച്ചു വയ്ക്കാനാകില്ല. എന്നും ദേശീയതയോടൊപ്പം നിലനിൽക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തകർ കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്. എങ്കിൽ മാത്രമേ ഭാരതീയ ജനതാ പാര്‍ട്ടിയിൽ പ്രവർത്തിക്കുന്നതു കൊണ്ട് എന്തെങ്കിലും ഒരു സംതൃപ്തി പ്രവർത്തകർക്കും ലഭിക്കുകയുള്ളൂ. അതുകൊണ്ട് സീറ്റ്-പോസ്റ്റ് വില്പന നടത്തിയ നേതാക്കൾക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊണ്ട് ഇനിയും ഇത് ആവർത്തിക്കുന്നതിന് ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു.
ജയ് ജയ് ബിജെപി