മാസ്കിന് പകരം സര്‍ക്കാര്‍ പുതിയ സംവിധാനം കണ്ടെത്തണം, കോവിഡിന് നല്ലത് ആയുര്‍വേദവും ഹോമിയോയും: പിസി ജോര്‍ജ്

September 1, 2021
517
Views

കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, കോവിഡ് ചികിത്സാ രീതികളിലെ അഭിപ്രായം പ്രകടമാക്കി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. സര്‍ക്കാര്‍ ആയുര്‍വേദത്തിനും ഹോമിയോയ്ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്നും താന്‍ പറയുന്ന ഈ നിലപാട് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സുഖിക്കില്ലെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്ക് ഏറ്റവും നല്ലത് ആയുര്‍വേദമാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്. കോവിഡ് വന്ന ശേഷമുള്ള ചികിത്സയ്ക്കാണ് ആയുര്‍വേദം ഏറ്റവും നല്ലത്. എന്നാല്‍ കോവിഡ് വരുന്നതിനു മുന്‍പ് രോഗപ്രതിരോധത്തിനായി ഹോമിയോ ഏറ്റവും നല്ലതാണെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ എല്ലാദിവസവും ഹോമിയോ മരുന്ന് കഴിക്കാറുണ്ട്. ഇത് ഏറെ ഗുണം ചെയ്യുന്നതായും പിസി ജോര്‍ജ് വ്യക്തമാക്കി.

അതിനിടെ കോവിഡ് അതി രൂക്ഷമായി തുടരുന്നതിനിടയില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. രോഗത്തെ പ്രതിരോധിക്കാന്‍ ആയി മാസ്ക് ധരിക്കുന്നത് നല്ലതാണ്. എന്നാല്‍ മാസ്ക് സ്ഥിരമായി ധരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്നും പി സി ജോര്‍ജ് പറഞ്ഞു. ശരീരത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് വീണ്ടും ശ്വസിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ഘടകമാണ്.

മാസ്ക് ധരിക്കുന്നതിലൂടെ ഇതാണ് സംഭവിക്കുന്നത്. മാസ്കിന് പകരം ഉള്ള സംവിധാനത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചു എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ശരീരത്തില്‍ നിന്നും പുറത്തേക്ക് വരുന്ന മൂത്രം ആരെങ്കിലും വീണ്ടും കുടിക്കുമോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു. വീണ്ടും കാര്‍ബണ്‍ഡയോക്സൈഡ് ശ്വസിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച്‌ പിസി ജോര്‍ജ് ഉദാഹരിക്കുന്നത് ഇങ്ങനെയാണ്.

നേരത്തെ ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ ഹോമിയോയ്ക്ക് അനുകൂലമായ നടപടി എടുത്തതിനെ അലോപ്പതി ഡോക്ടര്‍മാര്‍ വിമര്‍ശിച്ചിരുന്നു. വി കെ പ്രശാന്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഹോമിയോ ഗുളിക കഴിക്കുന്നതിനെ പറ്റി ഫേസ്ബുക്കില്‍ കുറിച്ചതിനെ വിമര്‍ശിച്ചും അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു. ഹോമിയോ ചികിത്സാ സമ്ബ്രദായത്തിനെതിരെ നേരത്തെ അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്ത് വന്നിരുന്നു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്തതാണ് ഡോക്ടര്‍മാര്‍ രംഗത്ത് വന്നിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വിഷയത്തില്‍ വലിയ വാദപ്രതിവാദങ്ങളും പല കാലത്തും നടന്നിരുന്നു.ഇതിനു പിന്നാലെയാണ് പിസി ജോര്‍ജ് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *