തൃക്കാക്കര ന​ഗരസഭയിലെ സംഘർഷം: പ്രതിപക്ഷം വീണ്ടും സമരം ശക്തമാക്കുന്നു

September 2, 2021
271
Views

കൊച്ചി: മുൻസിപ്പൽ അധ്യക്ഷയുടെ മുറി സീൽ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമില്ലെന്ന വാ​ദവുമായി തൃക്കാക്കര ന​ഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ. പൊലീസ് സഹായം കിട്ടിയെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. മുനിസിപ്പൽ ചട്ടം പ്രകാരം നഗരസഭ അദ്ധ്യക്ഷ പദവി സെക്രട്ടറിക്ക് മുകളിലാണെന്നും യുഡിഎഫ് കൗൺസിലർ ഷാജി വാഴക്കാല പറഞ്ഞു.

അതേസമയം പ്രതിപക്ഷം ഇന്ന് സമരം വീണ്ടും ശക്തമാക്കുകയാണ്. ഇന്നലെ ന​ഗരസഭ അധ്യക്ഷയുടെ മുറിക്ക് മുന്നിലെ സമരം എൽ ഡി എഫ് കൗൺസിലർമാരെ യു ഡി എഫ് അം​ഗങ്ങൾ ആക്രമിച്ചെന്ന് പരാതി ഉയർന്നിരുന്നു. സമരം ചെയ്തവരെ പൊലീസ് ബലം പ്രയോ​ഗിച്ചാണ് മാറ്റിയത്. ഇതിനിടെ പൊലീസ് സഹായത്തിലാണ് യുഡിഎഫ് കൗൺസിലർമാർ ആക്രമിച്ചതെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. സ്ഥലം എസ്ഐ ഉൾപ്പടെ യുഡിഎഫിനൊപ്പ൦ നിന്നു.

അജിത തങ്കപ്പൻ ഇന്നലെ മുറിയിൽ പ്രവേശിച്ചതോടെ അഴിമതി ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളും ഇല്ലാതായെന്ന് പ്രതിപക്ഷ കൗൺസിലർ എം ജെ ഡുക്സൺ ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പത്ത് കൗൺസിലർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടതു കൗൺസർമാരുടെ കൈയ്യേറ്റത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റെന്ന് യുഡിഎഫ് പറയുന്നു. ഏഴ്
ഇടത് കൗൺസിലർമാരെ സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ തൃക്കാക്കര നഗരസഭയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൻ്റെ പേരിൽ യു ഡി എഫും എൽ ഡി എഫും ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തും. യു ഡി എഫിന് വേണ്ടി യുവജന സംഘടനകളാണ് രാവിലെ പത്തരക്ക് കലക്ടറേറ്റിന് മുന്നിൽ നിന്ന് പ്രകടനം നടത്തുക. എൽ ഡി എഫിൻ്റെ നേത്യതത്തിലാണ് രണ്ടാമത്തെ മാർച്ച്. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ സെക്രട്ടറി പൂട്ടി മുദ്രവെച്ച ക്യാബിനിൽ കയറിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ‌ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ ഫയലുകൾ പരിശോധിച്ചതോടെയാണ് ഇന്നലെ സംഘർഷം ഉണ്ടായത്. ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും അജിത തങ്കപ്പൻ നൽകിയെന്നാരോപിച്ചായിരുന്നു സമര പരിപാടികളുടേയും പരാതിയുടേയും തുടക്കം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *