കിറ്റെക്‌സ് ഓഹരി വില വ്യാഴാഴ്ച 10 ശതമാനം കുതിച്ച് 164 രൂപയിലെത്തി. കമ്പനി
അവതരിപ്പിച്ച ചില വിപുലീകരണ പദ്ധതികള്‍ തെലുങ്കാന സര്‍ക്കാര്‍ അംഗീകാരിച്ചതാണ് ഓഹരി വില വര്‍ധനയ്ക്ക് കാരണമായതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന മൂലം കിറ്റെക്‌സ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കിറ്റെക്‌സിനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അന്ന് കമ്ബനി എംഡി സാബു ജേക്കബ്ബ് ആരോപിച്ചിരുന്നു. ഫാക്ടറികളില്‍ മിന്നല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളത്തിലെ വ്യവസായമന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് കിറ്റെക്‌സില്‍ ഈ മിന്നല്‍ പരിശോധനകള്‍ നടന്നത്.
തെലുങ്കാനയില്‍ നിന്നുള്ള സന്തോഷകരമായ വാര്‍ത്ത കമ്പനി ഓഹരി എക്‌സ്‌ചേഞ്ചില്‍ അറിയിച്ചതോടെയാണ് വ്യാഴാഴ്ച ഓഹരി വില ‘അപ്പര്‍ സര്‍ക്യൂട്ട്’ (10 ശതമാനം വില മേലോട്ട് കുതിക്കുന്നതിനുള്ള സാങ്കേതിക പദം) ഭേദിച്ചു. തെലുങ്കാന സര്‍ക്കാര്‍ വൈകാതെ ഉത്തരവിറക്കുമെന്നറിയുന്നു.
രണ്ടു വര്‍ഷത്തിനുള്ളില്‍ 1000 കോടി നിക്ഷേപിക്കാനാണ് പദ്ധതി. ഇതിലൂടെ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിറ്റെക്‌സ് തെലുങ്കാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.