ദില്ലി: പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ പരീക്ഷ നടത്തിപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിന് ഒരാഴ്ചത്തേക്കാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 13 വരെ പരീക്ഷ നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
തിങ്കളാഴ്ച തുടങ്ങാനിരുന്ന പരീക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ഈ മാസം 13 വരെ പരീക്ഷ നടത്തരുത്. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനികമാണെന്നും ഈ സാഹചര്യത്തില്‍ പരീക്ഷ സ്റ്റേ ചെയ്യുകയാണെന്നുമാണ് സുപ്രീം കോടതി അറിയിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.
അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ റസൂല്‍ ഷാനാണ് പരീക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്ത് നിലവിലെ ടിപിആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആരും തന്നെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല, മോഡല്‍ പരീക്ഷ ഓണ്‍ലൈനായാണ് നടത്തിയതെന്നും ഇനി പരീക്ഷയുടെ ആവശ്യമില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അതു മാത്രമല്ല രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പരീക്ഷ നടത്തുന്നതെന്നും അതു കൊണ്ട് കോടതി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.