തിരുവനന്തപുരം: പൂന്തുറയിൽ അയൽവാസികൾ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചു. പൂന്തുറ സ്വദേശി ആമിനക്കാണ് മർദ്ദനമേറ്റത്. ആമിനയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. നൗഷാദ്, സുധീർ എന്നിവരാണ് അമിനയെ മർദ്ദിച്ചത്.
ആമിനയുടെ വീടിന്റെ താഴത്തെ നിലയിൽ ഫർണിച്ചർ കടയിലെ ജീവനക്കാർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവർ ശബ്ദമുണ്ടാക്കി എന്നതാണ് അയൽവാസികളുമായി തർക്കമുണ്ടാകാൻ കാരണം. യുവതിയെ അടിച്ച് നിലത്തിട്ട ശേഷം തല മതിലിൽ ചേർത്തിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അയൽവാസികൾ ഗേറ്റിന് മുന്നിൽ എത്തുകയും ഇവരുമായി വാക്കുതർക്കം ഉണ്ടാകുകയുമായിരുന്നു. തുടർന്ന് നൗഷാദ് എന്നയാൾ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കുകയും ആമിനയെ അടിച്ച് നിലത്തിടുകയുമായിരുന്നു. അതിന് ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി മതിലിൽ ചേർത്ത് ഇടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ആമിനയുടെ മൊഴി രേഖപ്പെടുത്തുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ സുധീറിനേയും നൗഷാദിനേയും കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.