പെട്ടികളും ബാഗുകളും തലയിൽ ചുമന്ന് വിമാനത്താവളത്തിലേയ്ക്ക് : മറ്റു വഴികൾ തേടേണ്ട അവസ്ഥയിൽ യാത്രക്കാർ

September 7, 2021
394
Views

തിരുവനന്തപുരം: ശംഖുമുഖം തീരദേശ റോഡ് കടലേറ്റത്തിൽ തകർന്നിട്ട് ഇപ്പോൾ മാസങ്ങളായി. എന്നിട്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനരാരംഭിക്കാനാകത്തതിനാൽ ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകാൻ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

റോഡ് തകർന്നതും ഗതാഗതം നിരോധിച്ചതും അറിയാതെ ദൂരെ നിന്നു വരുന്നവർ റോഡ് തകർന്ന ഭാഗത്ത് കാർ നിർത്തി പെട്ടികളും ബാഗുകളും തലയിൽ ചുമന്ന് വിമാനത്താവളത്തിലേക്കു നടന്നു പോകേണ്ട സ്ഥിതിയാണ്.

മേയിൽ കടലാക്രമണത്തിൽ ശംഖുമുഖം തീരവും റോഡും തകർന്നപ്പോൾ മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചിരുന്നു. തീരത്തെ വീടുകൾ സംരക്ഷിക്കാൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്നും തീരദേശ റോഡ് ഉടൻ വീണ്ടെടുക്കുമെന്നും മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും കടലാക്രമണം തുടർന്നതോടെ നിർമാണം തുടങ്ങാനായില്ല.

50 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് റോഡ് ഒലിച്ചു പോയത്. ഭിത്തി നിർമാണത്തിന് 6 കോടി രൂപയും റോഡ് നിർമാണത്തിന് 1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള കടൽത്തീര സംരക്ഷണത്തിനായുള്ള ജിയോട്യൂബ് പദ്ധതി പൂർത്തിയായ ശേഷമേ റോഡ് പുനർനിർമാണം നടത്താനാകൂ എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. റോഡ് തകർന്ന ഭാഗത്ത് കല്ലിട്ട് താൽക്കാലികമായെങ്കിലും ഗതാഗത്തിനു തുറന്നു കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *