ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ശിഷ്യന് ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നതാണ് നിലവില്‍ ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. നരേന്ദ്ര ഗിരി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ആനന്ദ് ഗിരിയുടെ പേര് പരാമര്‍ശിച്ചിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യമെങ്കില്‍ അന്വേഷണം സിബിഐയെ ഏല്പിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. അലഹാബാദിലെ ബഗ്ഗാംബരി ഗഡ്ഡി മഠത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ നരേന്ദ്രഗിരിയുടെ മൃതദേഹം കണ്ടത്. ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ സംസ്കരിക്കും.
അജയ് സിങ് എന്നൊരാളെയും ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍, മരണത്തില്‍ പങ്കില്ലെന്നും പണത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി നരേന്ദ്ര ഗിരിയെ കൊലപ്പെടുത്തിയതാണെന്നും ആനന്ദ് ഗിരി പറഞ്ഞു.
ഒരു പെണ്‍കുട്ടിയുടെയും തന്റെയും ചിത്രങ്ങള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചു യോജിപ്പിച്ച് ആനന്ദ് ഗിരി അപകീര്‍ത്തിപ്പെടുത്തുമെന്നു വിവരം ലഭിച്ചതായാണ് നരേന്ദ്ര ഗിരിയുടേതെന്നു കരുതപ്പെടുന്ന കുറിപ്പില്‍ പറയുന്നത്. ഇതേ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നരേന്ദ്ര ഗിരി വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നതു പൊലീസിനു കൈമാറിയെന്നു ശിഷ്യന് നിര്‍ഭയ് ദ്വിവേദി പറഞ്ഞു.