തിരുവനന്തപുരം: 24 ന്യൂസ് കൊണ്ടുവന്ന വ്യാജവാര്‍ത്തയെ സഭയില്‍ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ചെമ്ബോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. ചെമ്ബോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയന്‍ സഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വ്യാജ ചെമ്ബോല പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സിപിഎം മുഖ്യപത്രമായ ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമോ എന്നാണ് വി.ഡി. സതീശന്‍ ചോദിച്ചത്. ‘ശബരിമലയുടെ ചരിത്രത്തെ കുറിച്ചും പാരമ്ബര്യത്തെ കുറിച്ചും 351 വര്‍ഷം പഴക്കമുള്ള പുരാവസ്തുരേഖ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടെന്നും അത് പ്രധാനപ്പെട്ട രേഖയാണെന്നും ചൂണ്ടിക്കാട്ടി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ ചെമ്ബോല പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി പത്രത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകുമോ’-എന്നാണ് പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പുറത്തുവിട്ട ചെമ്ബോല വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ചെമ്ബോല യഥാര്‍ഥമാണെന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെമ്ബോലയുടെ ആധികാരികത പരിശോധിക്കും. പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയതും അന്വേഷിക്കും. തെറ്റ് കണ്ടെത്തായല്‍ കര്‍ശന നടപടിയെടുക്കും. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കള്‍ പരിശോധിക്കാന്‍ പൊലീസിനാവില്ല. അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ല. ബെഹ്റ പോയ സാഹചര്യം അന്വേഷിക്കും. ഇ ഡി അന്വേഷണത്തിന് ബെഹ്റ കത്ത് നല്‍കിയത് സംശയം തോന്നിയതിനാലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ സൈബര്‍ സമ്മേളനമായ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്ബോല വ്യാജമെങ്കില്‍, യഥാര്‍ത്ഥമെന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി എടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. അതിനിടെ, ഫാഷന്‍ഗോള്‍ഡ് തട്ടിപ്പിനെ സഭയില്‍ ന്യായീകരിച്ച് മുസ്ലിം ലീഗ് അംഗം എന്‍ ഷംസുദ്ദീനോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. നാണമുണ്ടോ നിങ്ങള്‍ക്ക് എന്നായിരുന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി എന്തിനാണ് ചൂടാവുന്നതെന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍, ഇതിനല്ലെങ്കില്‍ പിന്നെ എന്തിന് ചൂടാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടില്‍ ചില രാഷ്ട്രീയ നേതാക്കള്‍ പോയതായും അവിടെ വെച്ച് തുകകള്‍ കൈമാറിയതായും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് ഭരണപക്ഷ അംഗമായ വി. ജോയിയാണ് ചോദ്യം ഉന്നയിച്ചത്. തട്ടിപ്പ് കേസിലെ പരാതിക്കാര്‍ വാര്‍ത്താ ചാനലില്‍ ഇക്കാര്യം പറഞ്ഞിരുന്നതായും വി. ജോയി ചൂണ്ടിക്കാട്ടി. തട്ടിപ്പിനിരയായവര്‍ നല്‍കിയ ഒരു പരാതിയില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടെന്നത് വസ്തുതയുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കട്ടെയെന്നും അതിന് ശേഷം എന്താണെന്ന് കാണാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
നേരത്തെ ഈ വിവാദം കൊഴുത്തപ്പോള്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്ബോല തിട്ടൂരം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായി ചീരപ്പന്‍ചിറ കുടുംബം വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. എന്നാല്‍ വാമൊഴിയായി കേട്ട ഓര്‍മ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറയുന്നു.
ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പന്‍ചിറ തറവാട്. ഇവിടെയാണ്‌അയ്യപ്പന്‍ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പന്‍ചിറ. അയ്യപ്പന്‍ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളിക്കിന് മുന്നില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്ബോലയും ഉണ്ടായിരുന്നു. വെടിവഴിപാട് അവകാശം തിരികെ കിട്ടാന്‍ വേണ്ടി ദേവസ്വം ബോര്‍ഡിനെതിരെ ചീരപ്പന്‍ചിറക്കാര്‍ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയില്‍ തുടങ്ങി അങ്ങ് സുപ്രീംകോടതി വരെ ആ നിയമപോരാട്ടം നീണ്ടുവെന്നുമാണ് ചീരപ്പന്‍ ചിറ കുടുംബാംഗം പറയുന്നത്.