ഇപ്പോഴത്തെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രസവിക്കാനേ താത്പര്യമില്ല, വിവാദ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യ മന്ത്രി

October 11, 2021
182
Views

ബംഗളൂരു :ഭാരതമിപ്പോള്‍ പാശ്ചാത്യ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ആധുനിക സ്ത്രീകള്‍ക്കും അവിവാഹിതരായി തുടരാനാണ് താത്പര്യമെന്നും ക‌ര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകര്‍. മാത്രമല്ല വിവാഹശേഷം പ്രസവിക്കാന്‍ ഇത്തരക്കാ‌ര്‍ തയ്യാറല്ലെന്നും വാടക ഗ‌ര്‍ഭത്തിലൂടെയാണ് കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോളജിക്കല്‍ സയന്‍സസ് ബംഗ്ലൂരുവില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മന്ത്രി പ്രസ്താവന നടത്തിയത്.

ഇന്ത്യന്‍ സമൂഹത്തില്‍ പാശ്ചാത്യ സ്വാധീനം വര്‍ദ്ധിക്കുകയാണെന്നും ഇക്കാരണത്താല്‍ മാതാപിതാക്കളെ തങ്ങളോടൊപ്പം താമസിപ്പിക്കുന്നതിന് വിമുഖത കാട്ടുന്നുണ്ടെന്നും കെ സുധാകര്‍ ആരോപിച്ചു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സ്ത്രീകള്‍ അവിവാഹിതരായി തുടര്‍ന്നാല്‍ എന്താണ് പ്രശ്നമെന്നും എന്തുകൊണ്ട് സ്ത്രീകളുടെ മേല്‍ ഇത്തരം ധാ‌ര്‍മ്മിക വിധികള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് ഒറ്റക്കായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവരെ അവരായിരിക്കാന്‍ അനുവദിക്കൂ എന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. അതെ, അവസാനം വിവാഹത്തിനും മാതൃത്വത്തിനും അപ്പുറം സ്ത്രീകള്‍ ചിന്തിച്ചു തുടങ്ങിയെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ച മന്ത്രി ഓരോ ഏഴാമത്തെ ഇന്ത്യക്കാരനും മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇത് സൗമ്യമായതുമുതല്‍ കഠിനമായ നിലയിലേക്ക് വരെ എത്താറുണ്ടെന്നും പറ‌ഞ്ഞു. മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നത് ഒരു കലയാണെന്നും എന്നാല്‍ ഇന്ത്യക്കാരായ നമ്മള്‍ ഇത് പഠിക്കേണ്ടതില്ലെന്നും നമ്മുടെ പൂര്‍വികര്‍ ലോകത്തെ പഠിപ്പിച്ച ധ്യാനം, യോഗ, പ്രാണായാമം എന്നിവയുടെ സഹായത്താല്‍ മാനസിക പിരിമുറുക്കം എങ്ങനെ നിയന്ത്രിക്കാമെന്ന് നാം ലോകത്തെ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *