മലേഷ്യന്‍ സ്വദേശിയായ ഇബ്രാഹിം മത് ത്വയിബ് എന്ന വ്യക്തി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ 166 തവണയാണ് രക്തം ദാനം ചെയ്തത്. അമ്പത്തിമൂന്നുകാരനായ ഇബ്രാഹിം തന്റെ 27ാം വയസ്സ് മുതല്‍ രക്തദാനം നടത്തുന്നു.കോട്ട ഭാരു എന്ന പ്രദേശത്തെ ആശുപത്രിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ചുമതലക്കാരനായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഇബ്രാഹിം.
25 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ അപകടത്തില്‍പ്പെടുകയും അയാൾക്ക് ധാരാളം രക്തം നഷ്ടപ്പെടുകയും ചെയ്തു. ആ സമയത്ത് മറ്റ് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ രക്തം ദാനം ചെയ്യാന്‍ ധൈര്യം ഉണ്ടായിരുന്നില്ലെന്ന് ഇബ്രാഹിം പറയുന്നു. പ്രതീക്ഷയുടെ ഒരു കിരണവും കാണാതായതോടെ സ്വയം രക്തം ദാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അക്കാലത്ത് അദ്ദേഹം സൂചി കുത്തുന്നതിനെ വളരെയധികം ഭയപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം രക്തദാനത്തിന് തയ്യാറായി. ഒ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട സുഹൃത്തിന്, ഒ ബ്ലഡ് ഗ്രൂപ്പുകാരന്‍ തന്നെയായ ഇബ്രാഹിം അനുയോജ്യനായ രക്തദാതാവ് ആയിരുന്നു.
പിന്നീട് താൻ ജോലി ചെയ്യുന്ന കോട്ട ഭാരു ആശുപത്രിയില്‍ ബ്ലഡ് ബാഗുകളുടെ കുറവുണ്ടെന്നും രക്തം ദാനം ചെയ്യാന്‍ ഒരാളെ ആവശ്യമാണെന്നും ഇബ്രാഹിം അറിഞ്ഞു. അതിന് തയ്യാറായതോടെ പിന്നീടും മൂന്നോ നാലോ തവണ ആ ആശുപത്രിയില്‍ നിന്ന് തന്നെ രക്തം ദാനം ചെയ്യാന്‍ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അതേ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് ഒരു രക്ഷകനാകാന്‍ അദ്ദേഹം തീരുമാനിച്ചത്. അഞ്ചാം തവണത്തെ രക്ത ദാനത്തിന് ശേഷം പ്ലേറ്റ്ലെറ്റുകളും ബ്ലഡ് പ്ലാസ്മയും ദാനം ചെയ്യാനും അദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചു.
കഴിഞ്ഞ 24 വര്‍ഷമായി ഇബ്രാഹിം തുടര്‍ച്ചയായി രക്തം ദാനം ചെയ്യുന്നു. 1997 മുതല്‍ തുടര്‍ച്ചയായി രക്തം ദാനം ചെയ്യുന്ന ഇദ്ദേഹം ഇതുവരെ 166 തവണ രക്തദാനം നടത്തിയിട്ടുണ്ട്. രക്തം ദാനം ചെയ്യുന്നതിലൂടെ അഗ്‌നിബാധയേറ്റവരുടെയും തലസീമിയ രോഗികളുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 58 വയസ്സ് തികയുന്നതിന് മുമ്പ് 200 തവണ രക്തദാനം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഇതിന് ശേഷവും ശരീരം അനുവദിക്കുകയാണെങ്കില്‍ രക്തം ദാനം ചെയ്യുന്നത് തുടരുമെന്ന് ഇബ്രാഹിം പറഞ്ഞു