ഒമാനിലെ നിസ്വയില്‍ വാഹനാപകടം; രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

April 26, 2024
0
Views

മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപാകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന്പേർ മരിച്ചു.

രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട നോർത്തിലെ മുതുപറമ്ബില്‍ വീട്ടില്‍ മജീദ (39), കൊല്ലം വളത്തുങ്ങല്‍ ബാപ്പുജി നഗറിലെ എ.ആർ മൻസില്‍ സ്വദേശി ശർജ (31), ഈജിപ്ത്കാരിയായ അമാനി എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് അറിയാൻ കഴിയുന്നത്. വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലാണ് അപകടം. നിസ്വ ആശുപത്രിയില്‍നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തില്‍പെട്ടത്.

റോഡിന്റെ ഒരു ഭാഗം മുറിച്ച്‌ കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ ഡിവൈഡറില്‍ കാത്തു നില്‍ക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ നിയന്ത്രണംവിട്ട് ഇവരുടെമേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശങ്കരൻ കുട്ടിയാണ് മരിച്ച മജീദയുടെ പിതാവ്. മാതാവ്: രാധ. ഭർത്താവ്: രതീഷ്. ഇല്യാസ്-നദീറ ദമ്ബതികളുടെ മകളാണ് ശർജ. ഭർത്താവ്: അനീഷ്. അപകട വിവരം അറിഞ്ഞ് ഇരുവരുടേയും ഭർത്താക്കൻമാർ നാട്ടില്‍നിന്ന് ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്. നിസ്വ ഗവ. ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *