പത്ത് മണിക്കൂര്‍ നീണ്ട പരിശ്രമം; വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിച്ചു

December 5, 2023
37
Views

അച്ചന്‍കോവിലില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥിസംഘത്തെ രക്ഷപെടുത്തി.

അച്ചന്‍കോവിലില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥിസംഘത്തെ രക്ഷപെടുത്തി. പ്രകൃതി പഠനത്തിന്‍റെ ഭാഗമായി അച്ചന്‍കോവില്‍ വനത്തിലേക്ക് പോയ സംഘത്തെയാണ് പത്ത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി.

29 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. കരുനാഗപ്പള്ളി ക്ലാപ്പന എസ്‌വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നുള്ള സ്കൗട്ട് ആന്‍റ് ഗൈഡ്സ് കുട്ടികളും അധ്യാപകരുമാണ് ടീമില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ ജനവാസ മേഖലയില്‍ നിന്നു അഞ്ച് കിലോമീറ്ററോളം ഉള്ളിലായി കോട്ടവാസല്‍ മേഖലയിലെ തൂവല്‍ മലയിലാണ് അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആയിട്ടും വനത്തിനുള്ളിലേക്ക് പോയവര്‍ തിരികെ എത്താതയത്തോടെ വലിയ ആശങ്കയുടെ മുള്‍മുനയിലായിരുന്നു സ്കൂള്‍ അധികൃതരും വനപാലകര്‍ അടക്കമുള്ളവരും. ആനയും പുലിയും ഉള്‍പ്പടെ വന്യജീവികള്‍ ഇറങ്ങുന്ന ഇടമാണ് തൂവല്‍മല.
ഫോണില്‍ പലതവണ ശ്രമിച്ചുവെങ്കിലും കിട്ടാതായതോടെ പിന്നീട് പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ കുട്ടികളെ ഇന്ന് പുലര്‍ച്ചെ നാലോടെ തിരികെ എത്തിക്കുകയായിരുന്നു. മഴയെത്തുര്‍ന്നുള്ള മൂടല്‍ മഞ്ഞും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പുറത്തെത്തിച്ച കുട്ടികള്‍ അടക്കം എല്ലാവരും സുരക്ഷിതരാണ്‌. കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തിച്ച ഇവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കി. നിര്‍ജലീകരണം ഒഴിച്ചാല്‍ കുട്ടികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലന്നു ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി
കനത്ത മഴയില്‍ വനപാതകളില്‍ വെള്ളം കയറിയതോടെ ഇവര്‍ അകപ്പെട്ടുപോവുകയായിരുന്നുവെന്ന വിവരമാണ് വനം വകുപ്പ് നല്‍കുന്നത്. തിരികെ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാട്ടാനയെ കണ്ടതിനെ തുടര്‍ന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പിന്നീട് മഴകൂടി പെയ്തതോടെ മഞ്ഞും രൂപപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ അനുവദനീയമായ ദൂരത്തിനും അപ്പുറത്തേക്ക് പോയതും ഇവര്‍ക്കൊപ്പം വനപാലകര്‍ ആരും ഇല്ലാതിരുന്നതുമാണ് ആശങ്കയ്ക്ക് ഇടയാക്കിയതെന്നു പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ഈ വിവരം പുറത്തറിഞ്ഞതോടെ അച്ചന്‍കോവില്‍ ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടുമ്ബോഴെല്ലാം ഇങ്ങനെ ഒരു സംഭവമേ ഇല്ലന്ന വിവരമാണ് അറിയിച്ചിരുന്നത്. എന്തായാലും പത്തുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് അധികൃതര്‍.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *