കൊല്ലുമെന്ന് പറഞ്ഞാൽ ഗൂഢാലോചന ആവില്ലെ’: നടിയെ ആക്രമിച്ച കേസിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ഹൈക്കോടതി

January 22, 2022
283
Views

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ഹൈക്കോടതി. വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു. നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണിത്. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു.

എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.

ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.

നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്‍റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന.

‘പത്മസരോവരം’ എന്ന ദിലീപിന്‍റെ വീട്ടിലും, സഹോദരൻ അനൂപിന്‍റെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള ‘ഗ്രാൻഡ് പ്രൊഡക്ഷൻസ്’ എന്ന ദിലീപിന്‍റെയും അനൂപിന്‍റെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്‍ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *