ഒടുവില്‍ തീരുമാനമായി; അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങില്‍ അദ്വാനി പങ്കെടുക്കും

January 11, 2024
39
Views

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളായ എല്‍.കെ. അദ്വാനി അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കും.

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കാൻ മുൻകൈയെടുത്ത നേതാവാണ് അദ്വാനി. അദ്വാനി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വി.എച്ച്‌.പി പ്രസിഡന്റ് അലോക് കുമാര്‍ ആണ് അറിയിച്ചത്. നേരത്തേ അദ്വാനിയോട് വീട്ടിലിരുന്ന് ചടങ്ങ് വീക്ഷിച്ചാല്‍ മതിയെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.

അതിനിടെ, മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ”ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്വാനിജി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.”-അലോക് കുമാര്‍ പറഞ്ഞു. മുരളി മനോഹര്‍ ജോഷി ചടങ്ങിനെത്താൻ പരമാവധി ശ്രമിക്കുന്നതായും അലോക് പറഞ്ഞു. മുരളി മനോഹര്‍ ജോഷിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

ആദ്യം അദ്വാനിയെയും ജോഷിയെയും പ്രായം കണക്കിലെടുത്ത് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചിരുന്നത്. ചടങ്ങ് വീട്ടിലിരുന്ന് കണ്ടാല്‍ മതിയെന്നും നിര്‍ദേശം നല്‍കി. ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ക്ഷണക്കത്തയച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *