അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി

December 26, 2021
301
Views

ന്യൂ ഡെൽഹി: നാഗാലാൻഡിൽ പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന നിയമമായ അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടർന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദ നിയമം പിൻവലിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയർന്നിരുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്നും അഫ്സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

സമിതിക്ക് 45 ദിവസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമയം നൽകുകയെന്ന് നാഗാലാൻഡ് സർക്കാർ അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അഫ്സ്പ പിൻവലിക്കുന്ന കാര്യം തീരുമാനിക്കുക. വെടിവെപ്പ് സംഭവത്തിൽ ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികർക്കുമെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ചും അമിത് ഷായുമായുള്ള യോഗത്തിൽ ചർച്ച ചെയ്തതതായി നാഗാലാൻഡ് സർക്കാർ കൂട്ടിച്ചേർത്തു. കോർട്ട് ഓഫ് എൻക്വയറിയുടെ അടിസ്ഥാനത്തിലാകും സൈനികർക്കെതിരായ നടപടി.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *