പാര്‍ട്ടിക്ക്​ വിധേയപ്പെട്ടിട്ടി​ല്ലെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല -കെ. സുധാകരന്‍

December 26, 2021
167
Views

കണ്ണൂര്‍: കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്​. പാര്‍ട്ടി എം.പിമാരെല്ലാം പാര്‍ട്ടികക്​ വഴിപ്പെടണം. പാര്‍ട്ടിക്ക്​ വിധേയപ്പെട്ടി​ല്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ വ്യക്​തമാക്കി.

ഗാഡ്​ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത്​ തെറ്റാ​ണെന്നാണ്​ ഇപ്പോള്‍ പാര്‍ട്ടിക്ക്​ മനസ്സിലാവുന്നതെന്നും സുധാകരന്‍ തുറന്നുപറഞ്ഞു. എസ്​.ഡി.പി.ഐ അടക്കമുള്ള തിവ്രസംഘടനകളുമായി ചേര്‍ന്നാണ്​ പിണറായി വിജയന്‍റെ ഇടതുപക്ഷം ഭരണം നടത്തുന്നത്​. തൊഴിലാളി വര്‍ഗ സര്‍വാധിപത്യ സംഘടനയായ സി.പി.എം കാണാത്ത മതമേലധ്യക്ഷന്‍മാരുണ്ടോ ഇവിടെയെന്നും സുധാകരന്‍ ചോദിച്ചു.

കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത്​ വന്‍ വിവാദത്തിന്​ വഴിവെച്ചിരുന്നു. കെ-റെയില്‍ പദ്ധതിയെ കുറിച്ച്‌ നന്നായി പഠിക്കാതെ അക്കാര്യത്തില്‍ നിലപാട് എടുക്കാനാകില്ലെന്നും അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് കത്തില്‍ താന്‍ ഒപ്പുവെക്കാതിരുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

കത്തില്‍ ഒപ്പുവെച്ചില്ലായെന്നതിന്‍റെ അര്‍ഥം താന്‍ കെ-റെയിലിനെ പിന്തുണക്കുന്നുവെന്നല്ല. കെ-റെയില്‍ സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പാരിസ്ഥിതിക ആഘാതം, സാമ്ബത്തിക പ്രായോഗിതക, ജനങ്ങളുടെ ആശങ്കകള്‍ തുടങ്ങിയവ. ഇതിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറും ജനപ്രതിനിധികളും വിദഗ്ധരും ഉള്‍പ്പെടുന്ന ഒരു ഫോറം രൂപീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുക. അല്ലാതെ കണ്ണടച്ച്‌ ഒരു പദ്ധതിയെയും എതിര്‍ക്കുന്നത് ജാനാധിപത്യത്തില്‍ സ്വാഗതാര്‍ഹമായ നിലപാടല്ല.

ആശയപരമായി എതിര്‍ഭാഗത്തുള്ളവര്‍ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിര്‍ക്കുകയെന്നത് അംഗീകരിക്കാനാകില്ല. ബി.ജെ.പി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇതുതന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളെന്നും ശശി തരൂര്‍ വ്യക്​തമാക്കിയിരുന്നു.

Article Categories:
Kerala · Politics

Leave a Reply

Your email address will not be published. Required fields are marked *