ന്യൂ ഡെൽഹി: ടാറ്റയ്ക്ക് വിറ്റ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീർക്കാൻ എല്ലാ വകുപ്പുകൾക്കും, മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിർദേശം നൽകി. എത്രയും പെട്ടെന്ന് ഇത് കൊടുത്തു തീർക്കണമെന്നാണ് ധനകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര ധനകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടാണ് കടങ്ങൾ തീർക്കാൻ വേണ്ടിയുള്ള നിർദേശം നൽകിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പണം നൽകി മാത്രമേ യാത്ര ചെയ്യാവൂ എന്ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സൺസും സ്പൈസ് ജെറ്റും മാത്രമായിരുന്നു.
18,000 കോടി രൂപയ്ക്കാണ് ടാറ്റ എയർ ഇന്ത്യ വാങ്ങിയത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിന് പണമായിട്ടായിരിക്കും കൈമാറുക.