ആലപ്പുഴ: ചേര്‍ത്തല-അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണത്തിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട എ എം ആരിഫ് എംപിയുടെ നിലപാടിനെ പാര്‍ട്ടിയും തള്ളിയതോടെ അദ്ദേഹം പ്രതിരോധത്തിലായി.
അനുമതി വാങ്ങാതെയാണ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു പരാതി നല്‍കിയതെന്നു സിപിഎം ജില്ലാ സെക്രട്ടറി ആര് നാസര്‍ ആവര്‍ത്തിച്ചു. ഗൗരവമായി വിഷയം പഠിക്കാതെ പ്രശ്നമുന്നയിച്ചതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്താണു പണി നടന്നത്. അതിലെ അപാകം വ്യക്തമാക്കി പരാതി നല്‍കിയതാണു പാര്‍ട്ടിയെ ചൊടിപ്പിച്ചത്. റോഡുപണിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എംപി നല്കിയ പരാതിയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരന് ഇടപെട്ട് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയിരുന്നു.
മീഡിയന് അടിയിലുള്ള വെള്ളക്കെട്ടാണ് റോഡുതകരാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതുപരിഹരിക്കാന് വലിയതുക വേണമെന്നതിനാല്‍ ദേശീയപാത അതോറിറ്റി അംഗീകരിച്ചില്ല. ഈ റിപോര്‍ട്ട് തനിക്കു ലഭിച്ചിരുന്നില്ലെന്ന് ആരിഫ് പറഞ്ഞു.
റോഡുതകരുമ്ബോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയെന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്വംമാത്രമാണു നിര്‍വഹിച്ചത്. ഉദ്യോഗസ്ഥരുടെയോ കരാറുകാരുടെയോ ഭാഗത്തു വീഴ്ചയുണ്ടായാല്‍ അതുകണ്ടെത്തി തിരുത്തിക്കുകയാണ് ഉദ്ദേശിച്ചത്. അത് ജി. സുധാകരനെതിരേയുള്ള നീക്കമായി ചിലര്‍ വ്യാഖ്യാനിച്ചുവെന്നും ആരിഫ് പറഞ്ഞു.