ആസമോണിനെ ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്ന് വിശേഷിപ്പിച്ച് ആർഎസ്എസ്
ബന്ധമുള്ള മാസിക

September 27, 2021
295
Views

ന്യൂഡെൽഹി: ഇ-കോമേഴ്സ് വമ്പന്മാരായ ആസമോണിനെ ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്ന് വിശേഷിപ്പിച്ച് ആർഎസ്എസ് ബന്ധമുള്ള പാഞ്ചജന്യ മാസിക. സർക്കാർ നയങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ആമസോൺ കോടിക്കണക്കിന് രൂപ കൈക്കൂലിയായി നൽകിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

ഒക്ടോബർ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കൻ കമ്പനിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പാഞ്ചജന്യ കവർ സ്റ്റോറി ചെയ്തിരിക്കുന്നത്. മാസികയുടെ കവർ ചിത്രം മാസികയുടെ എഡിറ്റർ ഹിതേഷ് ശങ്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ പിടിച്ചടക്കാൻ പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതുതന്നയാണ് ഇപ്പോൾ ആമസോൺ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു. ഇന്ത്യൻ മാർക്കറ്റിൽ തങ്ങളുടെ കുത്തകാവകാശം സ്ഥാപിക്കാൻ ആമസോൺ ശ്രമിക്കുകയാണ്. ഇതുവഴി പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികൾ അവർ ആരംഭിച്ചതായും പാഞ്ചജന്യ പറഞ്ഞു.

ആമസോണിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിനെതിരെയും പാഞ്ചജന്യ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിന് എതിരായ സിനിമകളും ടെലിവിഷൻ സീരീസുകളുമാണ് പ്രൈം റിലീസ് ചെയ്യുന്നതെന്നും പാഞ്ചജന്യ ആരോപിച്ചു. ആമസോൺ രാജ്യത്ത് നരവധി വ്യാജ സ്ഥാപനങ്ങളെ നിയമച്ചിട്ടുണ്ടെന്നും സർക്കാർ നയങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ കോടികളുടെ കോഴ നൽകിയെന്നും മാസിക ആരോപിക്കുന്നു.

റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ നിയമക്കുരുക്കിലാണ് നിലവിൽ ആമസോൺ. മൾട്ടി ബ്രാൻഡ് റീട്ടയിൽ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റർചെയ്തിരുന്നു. സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *