പനി കൂടി; ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിക്കുന്നു

July 2, 2023
8
Views

സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു. വൈറല്‍ പനിക്കുപോലും ആന്‍റിബയോട്ടിക്കുകള്‍ കുറിക്കുകയും കഴിക്കുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി.

മെഡിക്കല്‍ സ്റ്റോറുകളില്‍ വലിയ വര്‍ധനയാണ് ഇവയുടെ വില്‍പനയിലുണ്ടായിട്ടുള്ളത്.

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം രോഗാണുക്കള്‍ക്ക് മരുന്നുകള്‍ക്ക് മേല്‍ അതിജീവനശേഷി നേടാൻ സഹായിക്കുമെന്നും ഇത് ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമുള്ള ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. പനിമരുന്നാണെന്ന ധാരണയില്‍ ആളുകള്‍ സ്വയം ആന്‍റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയ ചെറുരോഗലക്ഷണങ്ങള്‍ വന്നാല്‍പ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുന്നവര്‍ ഏറെയാണ്. പനിക്ക് മാത്രമല്ല, 60 ശതമാനം വയറിളക്ക കേസുകളും വൈറലാണെങ്കിലും ഡോക്ടര്‍മാര്‍ ആൻറിബയോട്ടിക്കുകള്‍ കുറിക്കുന്നു.

ഗുരുതരമായേക്കാവുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്ന ജീവൻരക്ഷാമരുന്നുകളാണ് ആന്‍റിബയോട്ടിക്കുകള്‍. ഇവ പൂര്‍ണമായും ഒഴിവാക്കണമെന്നല്ല, പകരം ഉപയോഗം ഡോക്ടറുടെ നിര്‍ദേശപ്രകാരവും കരുതലോടെയും ആകണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഷ്കര്‍ഷ. ജലദോഷപ്പനി, വൈറല്‍ പനി എന്നിവക്ക് ആന്‍റിബയോട്ടിക്കിന്‍റെ ആവശ്യമില്ല. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇവ പരമാവധി ഒഴിവാക്കണം. ഇവയില്‍ പലതും ഗര്‍ഭസ്ഥ ശിശുവിന്‍റെയും നവജാത ശിശുവിന്‍റെയും വളര്‍ച്ചയെയും അവയവ രൂപവത്കരണത്തെയുമെല്ലാം ബാധിച്ചേക്കാം. ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ വൈറല്‍ രോഗബാധക്കും ആന്‍റിബയോട്ടിക്കുകള്‍ വേണ്ട. പക്ഷേ ഇതൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല. ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം ഛര്‍ദി, വയറുവേദന, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, നെഞ്ചെരിപ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ചിലപ്പോള്‍ ഉദരസംരക്ഷണ മരുന്നുകള്‍ വരെ ആവശ്യമായി തീരാറുണ്ട്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നതടക്കം കര്‍ശന മുന്നറിയിപ്പുകളുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങെളയും ‘ആന്റിബയോട്ടിക് സ്മാര്‍ട്ട്’ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *