തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസിലെ പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നല്‍കിയ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി ഈ മാസം 28 ന് കോടതി പരിഗണിക്കും.
കേസില്‍ പൊലീസിന്റെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതി. കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.
കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററില്‍ കുഞ്ഞിന്റെ അച്ഛന്‍റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു.