ആരോഗ്യവകുപ്പിലെ ജോലി തട്ടിപ്പ് : യൂത്തൻ അരവിന്ദ് വെട്ടിക്കലിനെതിരേ ആറന്മുളയിൽ രണ്ടു കേസ്

December 9, 2023
42
Views

ആറന്മുള – ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുള പൊലീസ് രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാട്ടി ആറന്മുള സ്വദേശിനിയുടെ മാതാവ് നൽകിയ പരാതിയിലും കോഴിപ്പാലം സ്വദേശിക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് 40,000 രൂപ തട്ടിയെന്ന പരാതിയിലുമാണ് ഇപ്പോഴത്തെ കേസുകൾ. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു ഇത്രയധികം ആരോപണങ്ങൾ വരുന്നത് എന്തുകൊണ്ട് ?

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നഴ്‌സ് നിയമനം വാഗ്ദാനം ചെയ്ത് 80,000 രൂപയാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് നൽകിയ കേസിലാണ് അരവിന്ദിനെ കന്റോൺമെന്റ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. എംപി ക്വാട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് ചെയ്ത വാഗ്ദാനം. ഇതിനായി വ്യാജരേഖയുമുണ്ടാക്കി എന്നുമാണ് കേസ് .

കോഴിപ്പാലം സ്വദേശിയായ യുവാവിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് ജോലി വാഗ്ദാനം ചെയ്ത് 40000 രൂപ വാങ്ങിയതിനാണ് രണ്ടാമത്തെ കേസ്. സെക്യൂരിറ്റി ജോലിക്കുള്ള നിയമന ഉത്തരവിന്റെ ഒരു കോപ്പി പരാതിക്കാരന് നൽകുകയും ഒറിജിനൽ തപാൽ വഴി എത്തുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 17 ന് ജോലിക്ക് സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിഞ്ഞു വരുന്ന ഇയാളെ ആറന്മുള പോലീസ് കസ്റ്റഡിയിൽ വാങ്ങി മറ്റു അന്വേഷണ നടപടികൾ പൂർത്തീകരിക്കുമെന്ന് ഇൻസ്‌പെക്ടർ സി.കെ. മനോജ് അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ നിന്ന് മാത്രം അരവിന്ദ് അഞ്ചു പേരിൽ നിന്ന് മൂന്നര ലക്ഷം തട്ടിയെടുത്തുവെന്ന വിവരം പൊലീസിന് ലഭിച്ചു. ആറന്മുളയിൽ ബിജെപി നേതാവിൽ നിന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ ചീട്ടെഴുതുന്ന ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപയാണ് വാങ്ങിയത്. ആന്റോ ആന്റണി എംപിയുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. എംപി ക്വാട്ടയിലുള്ള ജോലിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതേ നമ്പർ ഇറക്കിയാണ് കരുനാഗപ്പളളി സ്വദേശിനിയിൽ നിന്ന് അരലക്ഷം രൂപ വാങ്ങിയത്. എംപി ക്വാട്ടായിൽ റിസപ്ഷനിസ്റ്റ് ജോലിയായിരുന്നു വാഗ്ദാനം. യുവതിയുടെ സംശയം അകറ്റാൻ വേണ്ടിയാണ് വ്യാജ നിയമന ഉത്തരവ് നൽകിയത്. ഇത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ വന്നതോടെയാണ് പിടിവീണത്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു തട്ടിപ്പിനിരയായവർ ഇനിയും പരാതി നല്കാത്തവർ ഉണ്ടന്നാണ് നിഗമനം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *