സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുണ്‍കുമാര്‍ സിൻഹ അന്തരിച്ചു
സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുണ്‍കുമാര്‍ സിൻഹ അന്തരിച്ചു. 61 വയസ്സായിരുന്നു. ക്യാൻസര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
1987 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ 2016 മുതല്‍ എസ്പിജിയുടെ ഡയറക്ടര്‍ ആണ്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിൻഹ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു.
ജാര്‍ഖണ്ഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരുണ്‍കുമാര്‍ സിൻഹ തിരുവനന്തപുരം ഡിസിപി കമ്മീഷണര്‍, റെയിഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരളത്തിലെ പോലീസിലെ എല്ലാ പദവികളും അലങ്കരിച്ചിട്ടുണ്ട്. മാലിദ്വീപ് പ്രസിഡന്റ് ആയിരുന്ന അബ്ദുല്‍ ഗയൂമിനെ വധിക്കാൻ ശ്രമിച്ച മുഖ്യസൂത്രധാരനെ തലസ്ഥാനത്തുനിന്നും പിടികൂടിയപ്പോള്‍ ക്രമസമാധാനം ചുമതല വഹിച്ചിരുന്നത് അരുണ്‍കുമാര്‍ സിൻഹയാണ്.
ഇമെയില്‍ വധഭീക്ഷണി, ലെറ്റര്‍ ബോംബ് കേസ് എന്നിങ്ങനെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ക്രൈം സ്റ്റോപ്പര്‍ സംവിധാനം നഗരത്തില്‍ കൊണ്ടുവന്നത് സിൻഹ സിറ്റി പോലീസ് കമ്മീഷണര്‍ ആയപ്പോഴാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിൻഹ കരസ്ഥമാക്കി.