കൊളംബോ: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാരെന്ന് വ്യാഴാഴ്ചയറിയാം. സൂപ്പര്‍ ഫോറിലെ ശ്രീലങ്കക്കും പാകിസ്താനുമിത് അവസാന മത്സരമാണ്.
ജയിക്കുന്നവര്‍ കലാശക്കളിക്ക് യോഗ്യത നേടും. ഇരു ടീമിനും നിലവില്‍ രണ്ടു പോയന്റ് വീതമാണുള്ളത്. ഇന്നത്തെ മത്സരം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഉപേക്ഷിച്ചാല്‍ പോയന്റ് പങ്കുവെക്കും. ഇതോടെ ഉയര്‍ന്ന റണ്‍റേറ്റിന്റെ ബലത്തില്‍ ലങ്ക ഫൈനലില്‍ കടക്കും.
സ്റ്റാര്‍ പേസര്‍മാരിലൊരാളായ നസീം ഷായുടെ അഭാവം പാകിസ്താന് തിരിച്ചടിയാണ്. ഇന്ത്യക്കെതിരായ കളിയില്‍ പരിക്കേറ്റ നസീം ടീമില്‍നിന്ന് പുറത്തായിട്ടുണ്ട്. പകരം സമാൻ ഖാനെ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെയാണ് ലങ്കയും പാകിസ്താനും സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ തോല്‍പിച്ചത്. ജയിച്ച രണ്ടു ടീമും തുടര്‍ന്ന് ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തു. പോയന്റൊന്നുമില്ലാത്ത ബംഗ്ലാദേശ് നേരത്തേ പുറത്തായിട്ടുണ്ട്. ഇവര്‍ ഫലം അപ്രസക്തമായ മത്സരത്തില്‍ വെള്ളിയാഴ്ച ഇന്ത്യയെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.