ഹൈക്കോടതി ഇടപെട്ടു: അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേ പരിഗണിക്കാന്‍ തീരുമാനമായി

February 10, 2022
103
Views

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേ പരിഗണിക്കാന്‍ തീരുമാനമായി. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാർച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.

അതിനിടെ, കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു.

2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറ് പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *