വാഹനങ്ങള്‍ക്ക്‌ ‘ഭാരത് സീരീസ്’ സംവിധാനം; സംസ്ഥാനം മാറിയാല്‍ റീ രജിസ്‌ട്രേഷന്‍ വേണ്ട

August 28, 2021
223
Views

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് ‘ബിഎച്ച്‌ സീരീസ്’ ( ഭാരത് സീരീസ് )എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച്‌ റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ബിഎച്ച്‌ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്ബോള്‍ റീ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം .

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്ബനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ബിഎച്ച്‌ രജിസ്‌ട്രേഷനായി അപേക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത് .അതെ സമയം മറ്റിടങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ തലവേദനയുണ്ടാക്കുന്നതായിരുന്നു നിലവിലെ രജിസ്‌ട്രേഷന്‍ സംവിധാനം.

ഒരു സംസ്ഥാനത്ത് വെച്ച്‌ വാഹനം വാങ്ങിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്ത വാഹനം 12 മാസത്തില്‍ കൂടുതല്‍ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളില്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിലവിലെ നിയമം. ആദ്യം രജിസ്റ്റര്‍ ചെയ്ത ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എന്‍.ഒ.സി, അവിടെ അടച്ച റോഡ് ടാക്‌സ് റീഫണ്ട് ചെയ്ത് റീ രജിസ്‌ട്രേഷന്‍ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ നിയമങ്ങളെല്ലാം തന്നെ ആള്‍ക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു .

ഈ സാഹചര്യത്തില്‍ ബിഎച്ച്‌ സീരീസ് രാജ്യത്തൊട്ടാകെയുള്ള ഏകീകൃത സംവിധാനം ഇതിന് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎച്ച്‌ രജിസ്‌ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറുമ്ബോള്‍ ഇത്തരം റീ രജിസ്‌ട്രേഷന്‍ ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നത് .വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. ബിഎച്ച്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകുമെന്നതും പ്രയോജനപ്രദമാണ് . ആര്‍.ടി.ഒ ഓഫീസുകളില്‍ പോകേണ്ടതില്ല.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *