ജറുസലേം: ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളും അയച്ച ഇറാനോട് പ്രതികാരം ചെയ്യാൻ ഇസ്രയേല്‍ പദ്ധതിയിട്ടെന്നും പിന്നീട് അത് ഉപേക്ഷിച്ചെന്നും റിപ്പോർട്ട്.
യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യാക്രമണപദ്ധതി ഉപേക്ഷിച്ചതെന്ന് ഇസ്രയേലി ദേശീയമാധ്യമമായ ‘കാൻ’ റിപ്പോർട്ടുചെയ്തു. എന്നാല്‍, ഇറാന് ഇസ്രയേല്‍ മറുപടിനല്‍കുമെന്നും അത് മുമ്ബ് നിശ്ചയിച്ചതുപോലെയാകില്ലെന്നും ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘കാൻ’ പറഞ്ഞു.
കഴിഞ്ഞയാഴ്ചയിലെ രണ്ടുരാത്രികളില്‍ ഇറാനില്‍ വ്യോമാക്രമണം നടത്താനായിരുന്നു ഇസ്രയേലിന്റെ പദ്ധതിയെന്ന് എ.ബി.സി. ന്യൂസ് റിപ്പോർട്ടുചെയ്തു. ഇറാൻ അനുകൂല സായുധസംഘങ്ങളുടെ താവളങ്ങള്‍ ആക്രമിക്കാനും ഇറാനില്‍ സൈബർ ആക്രമണം നടത്തുന്നതിനും യുദ്ധകാര്യമന്ത്രിസഭ ആലോചിച്ചിരുന്നു. ആക്രമണത്തിന് സൈന്യത്തിന് അനുവാദം നല്‍കുന്നകാര്യം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗത്തില്‍ ചർച്ചചെയ്തിരുന്നു. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ അതു വേണ്ടെന്നുവെച്ചെന്ന് യു.എസ്. മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ടുചെയ്തു.
ഇറാനു തിരിച്ചടിനല്‍കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിക്കുമ്ബോഴാണ് ഈ വാർത്തകളെത്തുന്നത്. സ്വരാജ്യത്തെ സംരക്ഷിക്കാൻ എന്തുചെയ്യണമെന്ന് ഇസ്രയേല്‍ സ്വയം തീരുമാനിക്കുമെന്ന് നെതന്യാഹു ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ ഒന്നിന് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘർഷങ്ങള്‍ക്കാധാരം.
അതിനിടെ, ഗാസയിലെ ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. ആകെ മരണം 33,970 ആയി.
ഇറാന്റെ ഡ്രോണ്‍ പദ്ധതിക്ക് ഉപരോധം
വാഷിങ്ടണ്‍: ഇസ്രയേലിന്റെ മണ്ണില്‍ ആക്രമണം നടത്തിയതിനുള്ള മറുപടിയായി ഇറാന്റെ ഡ്രോണ്‍ പദ്ധതിക്ക് യു.എസും ബ്രിട്ടനും ഉപരോധമേർപ്പെടുത്തി. ഇറാന്റെ ഡ്രോണ്‍ നിർമാണവുമായി ബന്ധപ്പെട്ട 16 വ്യക്തികള്‍ക്കും രണ്ടു കമ്ബനികള്‍ക്കുമാണ് യു.എസ്. ഉപരോധമേർപ്പെടുത്തിയത്. ഇറാന്റെ മാരകപ്രഹരശേഷിയുള്ള ഷഹീദ് ഡ്രോണുകളുടെ എൻജിൻ നിർമിക്കുന്ന കമ്ബനിയും കൂട്ടത്തിലുണ്ട്. ഇതുകൂടാതെ ഉരുക്കുവ്യവസായവുമായി ബന്ധപ്പെട്ട അഞ്ചുകമ്ബനികള്‍ക്കും ഉപരോധമേർപ്പെടുത്തി. ഇറാന്റെ ഡ്രോണ്‍-ബാലിസ്റ്റിക് മിസൈല്‍ വ്യവസായരംഗത്തെ സൈനികസംഘടനകള്‍, വ്യക്തികള്‍ എന്നിവയ്ക്കാണ് ബ്രിട്ടൻറെ ഉപരോധം.
ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിടരുത് -ഇറാൻ
ടെഹ്‌റാൻ: തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചും അതുതന്നെ ചെയ്യുമെന്ന് ഇസ്രയേലിന് ഇറാൻ റെവലൂഷണറി ഗാർഡ് കോർ മേധാവി അഹമ്മദ് ഹഖ്തലാബിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ ആണവനിലയങ്ങളുടെ വിവരങ്ങളെല്ലാം ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.