‘പൊലീസ് പറഞ്ഞത് എന്നോട് ജീപ്പില്‍ കയറാന്‍, അക്രമിയോട് ആശുപത്രിയില്‍ പോവാന്‍; ബിന്ദു അമ്മിണി

January 6, 2022
170
Views

കോഴിക്കോട് ബീച്ചില്‍ തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.

രസകരമായ സംഭവമെന്നത് പൊലീസെത്തിയത് എന്നെ അറസ്റ്റ് ചെയ്യാനായിരുന്നു വന്നത്. പ്രതിയോട് നിങ്ങള്‍ ആശുപത്രിയില്‍ പോയി അഡ്മിറ്റാവെന്ന് പറഞ്ഞ് പറഞ്ഞ് വിടുകയാണ് ചെയ്തത്. എന്നോട് പൊലീസ് ജീപ്പിലേക്ക് കയറാനാവശ്യപ്പെട്ടപ്പോള്‍ ഞാനതിന് തയ്യാറായില്ല. വാക്കേറ്റം നടത്തിയാണ് ഓട്ടോറിക്ഷയ്ക്ക് വന്നോളാം എന്ന് പറഞ്ഞ് അവിടേക്ക് പോവുന്നത്. എനിക്ക് ശരീരത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. എന്നിട്ടും ചെറിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. കേരള പൊലീസില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല. തനിക്കെതിരെ നടന്ന മുന്‍ ആക്രമണങ്ങളിലും പൊലീസ് കൃത്യമായ നടപടികളെടുത്തിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദിച്ചയാള്‍ മദ്യലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നെന്ന് പൊലിസ് പറയുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *