അയ്യപ്പശാപമോ? ബിന്ദു അമ്മിണി കേരളം വിടുന്നു

January 6, 2022
200
Views

കേരളത്തില്‍ നിന്ന് താമസം മാറുകയാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. സ്ത്രീകളും ദലിതരും ആദിവാസികളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കേരളത്തില്‍ അരക്ഷിതാവസ്ഥയാണെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാറിന്‍റെ വിവിധ ഗ്രൂപ്പുകളാണ്. ആക്രമണം ആസൂത്രിതമാണ്. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ബിന്ദു ആരോപിച്ചു. സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചു. താന്‍ ദലിത് വനിതയായതിനാലാണ് പൊലീസിന്‍റെ ഇത്തരത്തിലുള്ള നടപടി. മുഖ്യമന്ത്രിക്ക് പരാതി നല്‍കില്ലെന്നും വിശ്വാസികളുടെ പിന്തുണ കിട്ടാന്‍ വേണ്ടി മുഖ്യമന്ത്രി കാണാന്‍ അനുവദിച്ചേക്കില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിന്ദു അമ്മിണിയുടെ തീരുമാനം. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യ ലഹരിയിലെത്തിയ ഒരാള്‍ ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം നടന്നതായി ബിന്ദു അമ്മിണി പൊലീസിൽ പരാതിപ്പെട്ടത്. കൊയിലാണ്ടിക്കടുത്ത് പൊയിൽകാവിൽ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു. പിന്നീട തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. സംഘപരിവാർ നിർദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആരോപണം. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങൾ നടന്നതായും അവർ വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *