കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റ വിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാടായ തൃശൂര്‍ മറ്റത്ത് വന്‍ സ്വീകരണം. വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലിയാണ് ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിക്കാന്‍ എത്തിയത്. കാറില്‍ വന്നിറങ്ങിയ ഉടനെ പൂമാലകള്‍ അണിയിച്ചാണ് ബിഷപ്പ് ഫ്രാങ്കോയെ ജനം സ്വീകരിച്ചത്. മറ്റം പള്ളിയില്‍ ഉറ്റവരുടെ കുഴിമാടത്തിനരികില്‍ ബിഷപ്പ് പ്രാര്‍ത്ഥന ചൊല്ലി. നേരെ ദേവാലയത്തിലെത്തി ആരാധനാ ചടങ്ങില്‍ പങ്കെടുത്തു. 105 കതിനയാണ് ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് 105 കതിനകള്‍ പൊട്ടിച്ചത്.
വീട്ടില്‍ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് ബിഷപ്പ് മടങ്ങിയത്. ചാലക്കുടി പള്ളിയില്‍ സഹോദരിയുടെ കുഴിമാടത്തിനരികിലേക്കാണ് പിന്നെ പ്രാര്‍ത്ഥനകള്‍ക്കായി പോയത്. ഇവിടെയും വിശ്വാസികള്‍ ആദരവോടെയാണ് ബിഷപ്പിനെ സ്വീകരിച്ചത്. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.
വിധിക്കെതിരെ വിവിധ തലങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നിയമപോരാട്ടം കുടരാനാണ് കേസിലെ അതിജീവിതയുടെ തീരുമാനം. സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് അതിജീവിത പോരട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്. വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു




