രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎ അദിതി സിംഗ്

February 17, 2022
117
Views

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവും റായ്‌ബറേലി എംഎൽഎയുമായ അദിതി സിംഗ്. രാഹുൽ ഗാന്ധി ഉത്തർപ്രദേശ് വിട്ട് കേരളത്തിലേക്ക് പോയതിനുള്ള മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞു എന്ന് അദിതി പറഞ്ഞു. 2024ൽ പ്രിയങ്ക ഗാന്ധിക്കും റായ്ബറേലിയിലെ ജനങ്ങൾ ഇതേ മറുപടി നൽകും. വിവിഐപി മണ്ഡലമായിട്ടും റായ്ബറേലിയിലെ ജനങ്ങൾ നൽകിയ സ്നേഹത്തിൻ്റെ ഒരംശം പോലും നെഹ്റു കുടുംബം തിരികെ നൽകിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു.

ബിജെപിയിൽ കൂടുതൽ സന്തുഷ്ടയാണ്. അച്ചടക്കമുള്ള പാർട്ടിയാണ്. കോൺഗ്രസിൽ അച്ചടക്കമില്ല. കോൺഗ്രസിൽ സംഘടനാ സംവിധാനം ഇല്ല. യുപി കോൺഗ്രസിൽ മികച്ച നേതൃത്വത്തിൻ്റെ അഭാവമുണ്ട് എന്നും അദിതി സിംഗ് പറഞ്ഞു.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേയ്ക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നാളെ കൊട്ടിക്കലാശിയ്ക്കും. സംസ്ഥാനത്തെ 59 സീറ്റുകളിലേക്കാണ് ഫെബ്രുവരി 20ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിൻപുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാൻസി, ലളിത്പൂർ, ഹമീർപൂർ, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തിൽ ബൂത്തിൽ എത്തുക.

സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിയ്ക്കുന്ന മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ അടക്കം മുന്നാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. നാളെ പ്രചരണം അവസാനിയ്ക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശിച്ചു. 623 സ്ഥാനാർത്ഥികളാണ് 59 സീറ്റുകളിലായി ജനവിധി തേടുന്നത്. ഇതിൽ 103 സ്ഥാനാർത്ഥികളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ലഖിംപൂർ ഖേരിയിലെ ബിജെപി റാലിയിൽ പങ്കെടുക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *