ആലപ്പുഴ: കുമാരപുരത്തെ ബിജെപി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതകത്തിൽ മുഖ്യപ്രതി പിടിയിൽ. ശരത് ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യ പ്രതി നന്ദു പ്രകാശാണ് പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹരിപ്പാട് പൊലീസ് വ്യക്തമാക്കിയിരുന്നു.
മുഖ്യപ്രതി നന്ദു പിടിയിലാകുന്നതിന് മുമ്പ് കുമാരപുരം സ്വദേശികളായ ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കുമാരപുരം പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശിയായ ശരത് ചന്ദ്രൻ ആർഎസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുള്ള കുടുംബമാണ് ശരത്തിന്‍റേത്.
അടച്ചുറപ്പുള്ള നല്ലൊരു വീടുപോലുമില്ല. സിവിൽ എൻജീനീയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ ശരത്തിന് സൈനികനാകണം എന്നായിരുന്നു ആഗ്രഹം. മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.