ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭയില്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി. തൃണമൂല്‍ എം.പി ശന്തനു സെന്‍ മന്ത്രിയുടെ പ്രസ്താവന തട്ടിപ്പറിച്ച് സഭയില്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്കും ലോക്സഭ വൈകീട്ട് നാലുവരെയും പിരിഞ്ഞു.
പെഗസസ് വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് തവണയാണ് ഇരുസഭകളും നിര്‍ത്തിവെക്കേണ്ടിവന്നത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും സഭയില്‍ പ്രതിഷേധമുയര്‍ന്നു. പാര്‍ലമെന്‍റിന് പുറത്തും പ്രതിപക്ഷ എം.പിമാര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തി.
പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്ബാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ഇത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചതാണ് വന്‍ ബഹളത്തിനിടയാക്കിയത്.
ദൈനിക് ജാഗരണ്‍ പത്രത്തിന്‍റെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകളും കോണ്‍ഗ്രസ് സഭയില്‍ ഉയര്‍ത്തി. കോണ്‍ഗ്രസ് എം.പി ദിഗ്വിജയ് സിങ്ങാണ് ചോദ്യം ഉയര്‍ത്തിയത്. തൃണമൂല്‍ അടക്കമുള്ള കക്ഷികളും പിന്തുണയുമായെത്തി.