മലപ്പുറം: വ്യാജ പോക്സോ കേസില്‍ കുറ്റക്കാരനായി പോലീസ് കണ്ട മലപ്പുറം തെന്നലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥിനെ മലയാളികള്‍ മറക്കാനിടയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പോലീസ് ശ്രീനാഥിനെ ജയിലിലടച്ചിരുന്നു. എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച് വിശ്വസിച്ച ശ്രീനാഥ്, തന്റെ ഡി.എന്‍.എ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഡി.എന്‍.എ ഫലം പുറത്തുവന്നപ്പോള്‍ ശ്രീനാഥ് അല്ല യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് തെളിയുകയുമായിരുന്നു.
കുറ്റക്കാരനല്ലെന്ന് വ്യക്തമായിട്ടും പേരില്‍ അപമാനിക്കപെട്ടു കഴിയുകയാണ് ശ്രീനാഥിന്റെ കുടുംബം. ഡിഎന്‍എ പരിശോധനാ ഫലത്തിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും കേസില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ശ്രീനാഥിനെ പൊലീസ് ഇതുവരെ ഒഴിവാക്കിയിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ആരാണെന്ന് കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.
‘മകന് കോടതി ജാമ്യവും നല്‍കിയിട്ട് നാലര മാസമായി. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്താല്‍ എളുപ്പത്തില്‍ തെളിയുന്ന ഈ കേസില്‍ ഈ കാലമത്രയുമായിട്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യഥാര്‍ത്ഥ പ്രതിയെ പൊലീസിന് കണ്ടെത്താനാവാത്തതെന്തുകൊണ്ടാണ്’, ശ്രീനാഥിന്റെ അമ്മ ചോദിക്കുന്നു.
യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതുവരെ ശ്രീനാഥിനെ കേസില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ആണ് പോലീസ് പറയുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. താനൂര്‍ ഡിവൈഎസ്പിക്കാണ് ഇപ്പോള്‍ കേസിന്‍റെ അന്വേഷണ ചുമതല. നീതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ തന്നെയാണ് ശ്രീനാഥിന്‍റെ മാതാപിതാക്കളുടെ തീരുമാനം. ജൂലൈ മാസം 22ന് രാത്രിയാണ് ശ്രീനാഥിനെ വീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസ് പിടിച്ചുകൊണ്ടുപോയത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്.