വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടിയിൽ രൂക്ഷവിമർശനം

October 17, 2021
343
Views

കോട്ടയം: വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന പേരിൽ സസ്പെൻഷനിലായ കെ.എസ്.ആർ.ടി.സി ഡ്രൈവർ നടപടിയിൽ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫെയ്സ്ബുക്കിലൂടെ രൂക്ഷപ്രതികരണം നടത്തിയത്.

പൂഞ്ഞാർ സെന്റ്മേരീസ് പള്ളിക്ക് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസോടിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയാണ് ജയദീപിനെ സസ്പെൻഡ് ചെയ്യിപ്പിച്ചത്. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്പെൻഷൻ വലിയ അനുഗ്രമായെന്നാണ് ജയദീപ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു. ‘എന്നെ സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സിയിലെ കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’

തനിക്ക് ചാടി നീന്തി പോകാൻ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോൾ യാത്രക്കാർ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു.

ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അച്ഛന്റെ മുടിവെട്ടി കൊടുക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐ.എൻ.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപിനെതിരെ നേരത്തെ വീട്ടിൽ കയറി ഒരാളെ വെടിവെച്ചതിനും കേസുണ്ടായിരുന്നു.

ഈരാറ്റുപേട്ട-പൂഞ്ഞാർ റൂട്ടിൽ പൂഞ്ഞാർ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ.എസ്.ആർ.ടി.സി. ബസ് കഴിഞ്ഞ ദിവസം അകപ്പെട്ടത്.

അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയിൽ ഡ്രൈവർ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തു. ചെറിയ വണ്ടികൾക്ക് പോകാനായി ബസ് ഇടയ്ക്ക് നിർത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റിൽ നിന്നും ഇരച്ചെത്തിയ വെള്ളത്തിൽ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാർട്ട് ആയില്ല.

നാട്ടുകാരാണ് ഒരാൾ പൊക്കത്തിൽ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയർത്തി നിർമിച്ചതോടുകൂടിയാണ് ഈ റോഡിൽ വെള്ളം കയറാൻ തുടങ്ങിയത്.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന പേരിലായിരുന്നു ഡ്രൈവർ ഡ്രൈവർ ജദീപിനെ സസ്പെൻഡ് ചെയ്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *