മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം. ബറൂച്ച് ജില്ലയിലെ കച്ചിപുര ഗ്രാമത്തിലാണ് സംഭവം.
അഹമ്മദാബാദ്: മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം. ബറൂച്ച് ജില്ലയിലെ കച്ചിപുര ഗ്രാമത്തിലാണ് സംഭവം.
ഇവിടുത്തെ ഒരു കുളത്തില്‍ നിന്നും വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശത്തുകൂടി ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന പൈപ്പ് ലൈനിന്റെ ചോര്‍ച്ച മൂലം ജലം മലിനമായ കുളത്തിലെ വെള്ളമാണ് ഒട്ടകങ്ങള്‍ കുടിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നത്.
ഒട്ടകങ്ങളും ഇവരുടെ ഉപജീവനമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഗ്രാമം കടുത്ത കുടിവെള്ള പ്രതിസന്ധിയാണ് നേരിന്നതെന്ന് ഗ്രാമവാസികളിലൊരാളായ റഹ്മാന്‍ഭായ് ജാട്ട് പറഞ്ഞു.
തങ്ങള്‍ക്ക് ചില സ്വകാര്യ വിതരണക്കാരില്‍ നിന്ന് വെള്ളമെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത് നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം നല്‍കാന്‍, ഞായറാഴ്ച ഗ്രാമവാസികള്‍ ഒട്ടകങ്ങളെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചഞ്ച്വെല്‍ തടാകത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു.
എന്നാല്‍, വഴിമധ്യേ ഒരു ജലാശയത്തില്‍ നിന്നും വെള്ളം കുടിച്ചപ്പോള്‍ ഒട്ടകങ്ങള്‍ ചത്തു വീഴുന്നതാണ് കണ്ടത്. 30 ഒട്ടകങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവയില്‍ 25 ഒട്ടകങ്ങളും ചത്തു. ശേഷിക്കുന്ന ഒട്ടകങ്ങളെ ചികിത്സിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.